വിപുലീകരണത്തിന് സ്ഥലംകണ്ടെത്താൻ സർവകക്ഷിയോഗം ഉടൻ
നിലമ്പൂർ : ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി സന്ദർശിച്ചു. ആശുപത്രിയുടെ വിപുലീകരണത്തിന് സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് സർവകക്ഷിയോഗം ഉടൻ വിളിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗവ. മോഡൽ യു.പി. സ്കൂളിന്റെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തും. ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ വികസനപ്രവർത്തങ്ങൾ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കും.
എം.പി. ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന മെയിൻബ്ലോക്കിലെ ലിഫ്റ്റ് നിർമാണം ഉടൻ പൂർത്തിയാക്കും. ലിഫ്റ്റ് സ്ഥാപിക്കുന്നതിൽ കാലതാമസം നേരിടുന്നതിൽ യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ വിർശനം ഉന്നയിച്ചു. ലിഫ്റ്റ് നിർമാണം വേഗത്തിലാക്കുവാൻ ജില്ലാപഞ്ചായത്ത് ഇലക്ട്രിക്കൽ വിഭാഗം അടങ്കൽ തയ്യാറാക്കും. കിഫ്ബി ഫണ്ടിൽനിന്നനുവദിച്ച 10 കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിർമാണ നടപടികൾ വേഗത്തിലാക്കും.
ഡയാലിസിസ് രോഗികളും കാൻസർരോഗികളും കൂടുതലുള്ള നിലമ്പൂരിൽ രക്തബാങ്ക് സ്ഥാപിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് യോഗത്തിൽ ആവശ്യപ്പെട്ടു. ഡയാലിസിസ് യന്ത്രം നൽകാൻ പലരും തയ്യാറാണെങ്കിലും സ്ഥലപരിമിതി തടസ്സമായിനിൽക്കുകയാണ്. സൈക്യാട്രി, സർജറി വിഭാഗങ്ങൾ അടിയന്തരമായി തുടങ്ങണമെന്നും ആവശ്യമുയർന്നു. എൻ.എച്ച്.എം. ഫണ്ടുപയോഗിച്ച് നിർമിക്കുന്ന കെട്ടിടം, എസ്.സി, എസ്.ടി ബ്ലോക്ക് എന്നിവ ഉടൻ പൂർത്തീകരിക്കുവാൻ നടപടിയുണ്ടാകുമെന്ന് എം.കെ. റഫീഖ യോഗത്തെ അറിയിച്ചു.
കോവിഡ് രോഗ പശ്ചാത്തലത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് രാഹുൽഗാന്ധി എം.പി. നൽകിയ 10 വെന്റിലേറ്ററുകളിൽ അഞ്ചണ്ണംമാത്രമേ ഉപയോഗിക്കുന്നൂള്ളൂ. മറ്റുള്ളവ സ്ഥലപരിമിതിമൂലം സ്ഥാപിക്കുന്നതിന് സാധിച്ചിട്ടില്ല. പി.വി. അൻവർ എം.എൽ.എ. നൽകിയ മൂന്ന് വെന്റിലേറ്ററും ഇത്തരത്തിൽ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇക്കാര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കുവാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലമ്പൂർ ജില്ലാ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കി മാറ്റുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടവും പറഞ്ഞു.യോഗത്തിൽ എം.കെ. റഫീഖ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷരായ എൻ.എ. കരീം, ആലിപ്പറ്റ ജമീല, അംഗങ്ങളായ എ.പി. ഉണ്ണിക്കൃഷ്ണൻ, അഡ്വ. ഷെറോണ റോയി, ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അബൂബക്കർ, ലേ സെക്രട്ടറി വിജയകുമാർ, ഡോ. ബഹാവുദീൻ, ഡോ. പ്രവീണ തുടങ്ങിയവർ പ്രസംഗിച്ചു.
വണ്ടൂരിലെ വാതകശ്മശാനം ഉടൻ തുറന്നുകൊടുക്കും
വണ്ടൂർ : ആറുവർഷം മുമ്പ് ഉദ്ഘാടനംചെയ്ത് പിന്നീട് സമൂഹവിരുദ്ധരുടെ താവളമായി മാറിയ വണ്ടൂരിലെ പൊതുശ്മശാനം ഉടൻ തുറന്നുകൊടുക്കുമെന്നും സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ശ്മശാനം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. അമ്പതുലക്ഷം രൂപ ചെലവഴിച്ചാണ് ശ്മശാനം യാഥാർഥ്യമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുമ്പ് ഉദ്ഘാടനവും കഴിഞ്ഞു. എന്നാൽ വൈദ്യുതി കണക്‌ഷനോ വെള്ളമോ ലഭിച്ചില്ല.ഇതോടെയാണ് ജില്ലാപഞ്ചായത്തംഗം കെ.ടി. അജ്മലിന്റെ ഇടപെടലിനൊടുവിൽ പ്രസിഡന്റടക്കമുള്ളവർ ഇവിടെയത്തിയത്.
വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, എൻ.എ. കരീം, ആലിപ്പറ്റ ജമീല, അംഗം കെ.ടി. അജ്മൽ, വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി. റുബീന, കെ.കെ. സാജിത എന്നിവരും ഒപ്പം ഉണ്ടായിരുന്നു.