പൊന്നാനി : പൊന്നാനി കോടതി സിവിൽസ്റ്റേഷനിലെ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് നടപടി. കെട്ടിടത്തിന്റെ നവീകരണപ്രവർത്തനങ്ങൾക്ക് 34 ലക്ഷം രൂപ അനുവദിച്ചു.
കാലപ്പഴക്കംമൂലം അപകടാവസ്ഥയിലാണ് കെട്ടിടം. സിവിൽസ്റ്റേഷന് വടക്കുഭാഗത്തുള്ള വെഹിക്കിൾ ഷെഡ് ഉൾപ്പെടെയുള്ള ഇരുനിലക്കെട്ടിടമാണ് നവീകരിച്ച് കോടതി പ്രവർത്തിക്കുക.
നിലവിലെ കോടതിക്കെട്ടിടം പഴയ മാതൃകയിൽത്തന്നെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് ആർക്കിടെക്ച്ചറൽ വിങ്ങിന്റെയും പി.ഡബ്യു.ഡി. കെട്ടിട വിഭാഗത്തിന്റെയും നേതൃത്വത്തിലുള്ള സംഘം എത്തി ഡോക്യുമെന്റേഷൻ പ്രവൃത്തികൾ നടത്തിയിരുന്നു. തുടർന്ന് റിപ്പോർട്ട് സർക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പൈതൃക സംരക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടു തന്നെ കെട്ടിടത്തിന്റെ കാലപ്പഴക്കനിർണയവും കെട്ടിടത്തിന്റെ ബലക്ഷയം സംഭവിച്ച ഭാഗങ്ങൾ ഏതെന്ന് കണ്ടെത്തുകയും ആവശ്യമായ മാറ്റങ്ങൾ ഏതൊക്കെയെന്ന് തിട്ടപ്പെടുത്തുകയും ചെയ്തതിനു ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ മിക്കതും പൊട്ടിയതിനാൽ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് മഴയെ പ്രതിരോധിക്കുന്നത്. പൊന്നാനി കോടതി, ഫിഷറീസ് ഓഫീസ്, ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ് തുടങ്ങിയവ ഉൾക്കൊള്ളുന്ന കെട്ടിടസമുച്ചയമാണ് തകർച്ചയുടെ വക്കിലുള്ളത്.
നവീകരണപ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ നിർദേശം നൽകിയിട്ടുണ്ട്.