തിരൂർ : തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് വൃത്തിയാക്കി എൻ.എസ്.എസ്. വൊളന്റിയർമാർ. എൻ.എസ്.എസ്. ടെക്നിക്കൽ സെൽ ആവിഷ്കരിച്ച പുനർജനി പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ ഈ പ്രവർത്തനം ഏറ്റെടുത്തത്.
സ്റ്റേഷനിലെ തുരുമ്പുപിടിച്ച കസേരകൾ വൃത്തിയാക്കുകയും പുതിയ പെയിന്റ് അടിച്ചു നന്നാക്കിയെടുക്കുകയും ചെയ്തു. മൂന്നുപേർക്ക് ഇരിക്കാവുന്ന 25 ഓളം സെറ്റ് കസേരകളുടെ പെയിന്റിങ്ങാണ് പൂർത്തിയാക്കിയത്.
കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജ്, തിരൂർ എസ്.എസ്.എം. പോളിടെക്നിക്ക് കോളേജ്, കോട്ടയ്ക്കൽ സർക്കാർ വനിതാ പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലെ വൊളന്റിയർമാരാണ് പ്രവർത്തനത്തിൽ പങ്കാളികളായത്. കെ.എ. കാദർ, കെ. മുഹമ്മദ് റിയാസ്, ടി.പി. ജാസിർ, എൻ. മുംതാസ്, വി. പിനാസർമോൻ, എൻ. അപർണ, സി.വി. പ്രജീഷ്, വിഷ്ണുപ്രസാദ്, റിംഷാദ്, മുഹമ്മദ് റിൻഷാദ്, ഉസ്ന എന്നിവർ നേതൃത്വംനൽകി.