മലപ്പുറം : കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലാഭരണകൂടത്തിന് മതസംഘടനാ നേതാക്കളുടെ പൂർണ പിന്തുണ. ഇഫ്താർ വിരുന്നുകളിൽ ആളുകൾ കൂടിച്ചേരുന്നത് നിരുത്സാഹപ്പെടുത്താനും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനും എ.ഡി.എം എം.സി. റെജിലിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന മതസംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു.

പത്തുവയസ്സിനു താഴെയുള്ളവരും അറുപതുവയസ്സിനു മുകളിലുള്ളവരും പ്രാർഥനയ്ക്കായി പള്ളികളിൽ എത്തേണ്ടതില്ല. പ്രാർഥനകളിൽ സാമൂഹിക അകലം പാലിക്കണം.

മുസല്ല വീട്ടിൽനിന്നു കൊണ്ടുവരണം. പള്ളികളിൽ സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വെള്ളിയാഴ്ച പ്രാർഥനകളിലും രാത്രി നമസ്‌കാരത്തിനും ആൾക്കൂട്ടം ഒഴിവാക്കാൻ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു. റംസാൻ, വിഷു എന്നിവയുടെ പശ്ചാത്തലത്തിൽ ബന്ധുവീടുകളിലെ സന്ദർശനങ്ങൾ കുറയ്ക്കണം.