സഹായം ആവശ്യമുള്ളവർക്ക് നേരിട്ടു വിളിക്കാം

അരീക്കോട് : ഏറനാട് മണ്ഡലത്തിലെ അരീക്കോട് താലൂക്ക് ആശുപത്രി ഇനി കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുമെന്ന് നിയുക്ത എം.എൽ.എ പി.കെ. ബഷീർ അറിയിച്ചു. തുടക്കത്തിൽ 25 രോഗികൾക്കുള്ള ബെഡും മറ്റു സൗകര്യങ്ങളും ഉറപ്പുവരുത്തിയതായും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിൽ ഇതുവരെ ആകെ 1988 പോസിറ്റീവ് രോഗികളാണുള്ളത്. ഇതിൽ 50 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. നിലവിൽ എടവണ്ണ പഞ്ചായത്തിലെ 392 രോഗികളിൽ 12 പേരും ചാലിയാർ പഞ്ചായത്തിലെ 184 രോഗികളിൽ 15 പേരും കാവനൂർ പഞ്ചായത്തിലെ 207 രോഗികളിൽ ഏഴുപേരും കീഴുപറമ്പ് പഞ്ചായത്തിൽ 340 രോഗികളിൽ അഞ്ചുപേരും ഊർങ്ങാട്ടിരി പഞ്ചായത്തിലെ 407 രോഗികളിൽ രണ്ടുപേരും അരീക്കോട് പഞ്ചായത്തിലെ 208 രോഗികളിൽ നാലുപേരും കുഴിമണ്ണ പഞ്ചായത്തിലെ 250 രോഗികളിൽ അഞ്ചുപേരുമാണ് ആശുപത്രികളിൽ കഴിയുന്നതെന്ന് എം.എൽ.എ. പറഞ്ഞു.

ഊർങ്ങാട്ടിരി, കീഴുപറമ്പ് ആശുപത്രികളിൽ പൾസ് ഒക്സിമീറ്ററിന്റെ കുറവും മറ്റു ആശുപത്രികളിൽ ചില മെഡിക്കൽ ഉപകരണങ്ങളുടെ കുറവും ഡോക്ടർമാർ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ഈ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും എം.എൽ.എ. ഉറപ്പുനൽകി.

കോവിഡ് രോഗംമൂലം പ്രയാസമോ വിഷമാവസ്ഥയോ നേരിടുന്നവർക്ക് ഏതുവിധ സഹായത്തിനും തന്നെ നേരിട്ട് തന്റെ 9496606060 നമ്പറിൽ വിളിക്കാമെന്നും അദ്ദേഹം അറിയിച്ചു.