വളാഞ്ചേരി : ഇടിമിന്നലിൽ വൈക്കത്തൂർ മഹാദേവക്ഷേത്രത്തിന് നാശനഷ്ടം. പ്രധാന പ്രതിഷ്ഠയായ മഹാദേവന്റെ ശ്രീകോവിലിന്റെ ചുമരാണ് വിണ്ടുപൊട്ടിയത്.

വെള്ളിയാഴ്ചയാണ് ഇടിമിന്നലിൽ ക്ഷേത്രത്തിന്റെ നാലമ്പലത്തിലെ ചുമരിലെ സിമന്റുപാളിയിൽ ചെറിയ വിള്ളലുണ്ടായതെന്നും ഇക്കാര്യം എക്സിക്യുട്ടീവ് ഓഫീസറുമായി സംസാരിച്ചിട്ടുണ്ടെന്നും ക്ഷേത്രഭാരവാഹികൾ പറഞ്ഞു. തന്ത്രിയുമായും വാസ്തുവിദഗ്ധരുമായും ചർച്ചചെയ്ത് തുടർനടപടികളുണ്ടാകുമെന്ന് ട്രസ്റ്റി ബോർഡും അറിയിച്ചു.

ഹിന്ദു ഐക്യവേദി നേതാക്കൾ സന്ദർശിച്ചു

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ പി.വി. മുരളീധരൻ, വി.എസ്. പ്രസാദ്, ജില്ലാപ്രസിഡന്റ് ടി. വിജയരാഘവൻ, ജനറൽസെക്രട്ടറി കെ. ഭാസ്‌കരൻ എന്നിവർ ക്ഷേത്രം സന്ദർശിച്ചു. ആചാരലംഘനമാണ് ക്ഷേത്രത്തിലുണ്ടായ അഹിതസംഭവത്തിനു കാരണമെന്ന് ഇവർ ആരോപിച്ചു.