വളാഞ്ചേരി : മാറാക്കര കല്ലാർമംഗലം ഗവ. എൽ.പി. സ്‌കൂളിലെ അധ്യാപക ക്ഷാമത്തിന് പരിഹാരമാകുന്നു. മേൽമുറി ഗവ.എൽ.പി. സ്‌കൂളിലെ പ്രഥമാധ്യാപകന് കല്ലാർമംഗലം സ്‌കൂളിന്റെകൂടി പ്രഥമാധ്യാപക ചുമതല നൽകി. എടച്ചലം എ.എം.എൽ.പി. സ്‌കൂളിലെ രണ്ട് അധ്യാപകരെ താത്കാലികമായി, വർക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ നിയമിച്ചിട്ടുമുണ്ട്.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഇവർ ഓൺലൈൻ ക്ലാസുകളും കൈകാര്യം ചെയ്യണമെന്ന് ഉത്തരവിലുണ്ട്. അധ്യാപക തസ്തിക നിർണയമനുസരിച്ച് എട്ട് ക്ലാസുകളുള്ള കല്ലാർമംഗലം സ്‌കൂളിൽ പ്രഥമാധ്യാപകനും എട്ട് അധ്യാപകരുമാണ് വേണ്ടത്.

ഇവിടെ അധ്യാപകനിയമനം നടത്തണമെന്നാവശ്യപ്പെട്ട് കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ(കെ.എസ്.ടി.യു) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം ഇസമരം നടത്തിയിരുന്നു.