മഞ്ചേരി : മഞ്ചേരിയിൽ മലപ്പുറം റോഡിൽ ചേലാസ് ടെക്‌സ്റ്റൈൽസിന് പിറകിലെ കെട്ടിടത്തിൽ തീപ്പിടിത്തം. സ്വർണപ്പണിക്കാരൻ മഹാരാഷ്ട്ര സ്വദേശി ലക്ഷ്‌മൺ താമസിക്കുന്ന മൂന്നാംനിലയിലെ മുറിയിലാണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ തീപ്പിടിത്തമുണ്ടായത്. കൂളറും സോഫാസെറ്റും കത്തിനശിച്ചു.

ഈസമയത്ത് മുറിയിൽ ആരുമുണ്ടായിരുന്നില്ല. പുക ഉയരുന്നതുകണ്ട് സമീപത്തുള്ളവർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരി സ്റ്റേഷനിലെ സീനിയർ ഫയർ ഓഫീസർ കെ.ജെ. രാജു, ഓഫീസർമാരായ അബ്ദുൽറഫീഖ്, കൃഷ്ണകുമാർ, കെ.കെ. നന്ദകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി.