മലപ്പുറം : ഒരുവർഷത്തോളമായി നിർത്തിവെച്ച തെരുവുനായ നിയന്ത്രണത്തിനുള്ള എ.ബി.സി. പദ്ധതി ജില്ലയിൽ പുനരാരംഭിച്ചു. പദ്ധതിനിർവഹണത്തിനായി മൂന്നു കുടുംബശ്രീ യൂണിറ്റുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് ജില്ലയിലെ ഏഴു താലൂക്കുകൾ വീതിച്ചുനൽകി.

തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിൽ ദയ കുടുംബശ്രീയും ഏറനാട്, കൊണ്ടോട്ടി താലൂക്കുകൾ ശ്രദ്ധ കുടുംബശ്രീയും നിലമ്പൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ കാരുണ്യ കുടുംബശ്രീയുമായിരിക്കും നിർവഹണ ഏജൻസികൾ. താലൂക്കുകളിലെ പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തെരുവുനായ്‌ക്കളെ പിടികൂടി അവർ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.

എ.ബി.സി. ശസ്ത്രക്രിയാവാഹനം കളക്ടറേറ്റിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഫ്ലാഗ്ഓഫ് ചെയ്തു. സഞ്ചരിക്കുന്ന വാഹനത്തിന്റെ ഓപ്പറേഷൻ തിയേറ്റർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്‌മായിൽ മൂത്തേടം ഉദ്ഘാടനംചെയ്തു.

സറീനാഹസീബ് അധ്യക്ഷതവഹിച്ചു. നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഉമ, ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി. സുരേഷ്, ഡോ. അസീസ്, ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

നിരീക്ഷണം

മൂന്നുദിവസം

താത്കാലിക ശസ്ത്രക്രിയായൂണിറ്റുകൾ ഒരുക്കി അതത് പ്രദേശങ്ങളിൽ തന്നെയാണ് തെരുവുനായ്‌ക്കളെ ശസ്ത്രക്രിയ ചെയ്യുക.

ശേഷം മൂന്നുദിവസം നിരീക്ഷണത്തിൽ പാർപ്പിച്ച് ആവശ്യമായ മരുന്നും പരിചരണവും നൽകി പിടികൂടിയ സ്ഥലത്തുതന്നെ അവയെ വിടുന്ന ജോലിയും കുടുംബശ്രീ യൂണിറ്റുകൾ നിർവഹിക്കും. തെരുവുനായ്‌ക്കളെ പിടികൂടുന്നതും തിരിച്ചുവിടുന്നതും അതാതിടത്തെ പ്രാദേശിക ഭരണകൂടം, വെറ്ററിനറി സർജൻ എന്നിവരുടെ അറിവോടെയായിരിക്കും. താലൂക്ക്, ജില്ലാതല മോണിറ്ററിങ് സമിതികൾ പ്രവർത്തനങ്ങൾ അവലോകനംചെയ്യും. ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി. സുരേഷിനാണ് പദ്ധതി നിർവഹണച്ചുമതല.

ഒരുവർഷത്തിനു

ശേഷം

കഴിഞ്ഞവർഷം ഹ്യുമൈൻ ഇന്റർനാഷണൽ സൊസൈറ്റി എന്ന സന്നദ്ധസംഘടനയ്ക്കായിരുന്നു ജില്ലയിലെ ചുമതല. പിന്നീട് കുടുംബശ്രീ വഴി പദ്ധതി നടത്താൻ സർക്കാർ നിർദേശമുണ്ടായി. കരാർ പ്രകാരം പദ്ധതി വിട്ടൊഴിയുന്നതിൽ സന്നദ്ധസംഘടനയ്ക്കു വന്ന സാങ്കേതികപ്രശ്നങ്ങളായിരുന്നു ഒരുവർഷം നീളാൻ കാരണം.

ചുമതല കുടുംബശ്രീക്ക്

ദയ കുടുംബശ്രീ - തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്ക്

ശ്രദ്ധ കുടുംബശ്രീഏറനാട്, കൊണ്ടോട്ടി താലൂക്ക്

കാരുണ്യ കുടുംബശ്രീനിലമ്പൂർ, പെരിന്തൽമണ്ണ താലൂക്ക്