എടക്കര : മൈസൂരുവിൽനിന്ന്‌ നാടുകാണിച്ചുരം വഴി പെരിന്തൽമണ്ണയിലേക്ക്‌ പച്ചക്കറിയുമായി വന്ന പിക്കപ്പിൽനിന്ന് 67 ലിറ്റർ വിദേശമദ്യം എക്സൈസ്‌ പിടികൂടി. വാഹനത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ താഴെക്കോട്‌ മുല്ലപ്പള്ളിവീട്ടിൽ മുഹമ്മദ്‌ ഫൈസൽ (45) ആണ്‌ പിടിയിലായത്‌. വഴിക്കടവ്‌ ആനമറി എക്സൈസ്‌ ചെക്ക്‌പോസ്റ്റിൽ നടന്ന പരിശോധനയിലാണ്‌ മദ്യം പിടികൂടിയത്‌. കർണാടക സർക്കാർ നിർമിച്ച മദ്യമാണ്‌ വാഹനത്തിലുണ്ടായിരുന്നത്‌. 750 മില്ലിലിറ്ററിന്റെ 44 ബോട്ടിലുകളും 375 മില്ലിലിറ്ററിന്റെ 92 ബോട്ടിലുകളുമാണുണ്ടായിരുന്നത്.

എക്സൈസ്‌ ഇൻസ്‌പെക്ടർ വി.പി. ജയപ്രകാശ്‌, പ്രിവന്റീവ്‌ ഓഫീസർ പി. സുധാകരൻ, സിവിൽ എക്സൈസ്‌ ഓഫീസർ അമീൻ അൽത്താഫ്‌, എം. സുലൈമാൻ, പി. രജിലാൽ എന്നിവർചേർന്നാണ്‌ മദ്യം പിടികൂടിയത്‌. വെള്ളിയാഴ്‌ച പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കും.