മലപ്പുറം : വികസനകാര്യത്തിൽ സംസ്ഥാന സർക്കാർ ജില്ലയോട് അനുവർത്തിക്കുന്ന നിഷേധനിലപാട് രാഷ്ട്രീയമായ വിവേചനമായി മാത്രമേ മലപ്പുറത്തെ ജനങ്ങൾക്ക് കാണാനാകൂവെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിലും ഇപ്പോഴത്തെ ആദ്യ ബജറ്റിലും മലപ്പുറം ജില്ലയോട് അവഗണന കാണിച്ചെന്നാരോപിച്ച് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി മലപ്പുറം സിവിൽസ്റ്റേഷന് മുന്നിൽ നടത്തിയ നിൽപ്പുസമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മറ്റു സർക്കാർ ഓഫീസുകൾക്ക് മുന്നിലും സമരമുണ്ടായിരുന്നു.

കൂടുതൽ ജനസംഖ്യയുള്ള മലപ്പുറത്തിന് ഏറ്റവുംകുറഞ്ഞ വികസനം എന്നതാണ് സംസ്ഥാന സർക്കാരിന്റെ സമീപനമെന്ന് സാദിഖലി തങ്ങൾ കുറ്റപ്പെടുത്തി. കോവിഡ് ഭീഷണി ഉയർത്തിയ സമയത്തുപോലും ആരോഗ്യമേഖലയിൽ ജില്ലയെ പൂർണമായും അവഗണിച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജിന്റെ വികസനം, ജനറൽ ആശുപത്രിയെ വേർപ്പെടുത്തി പുനഃസ്ഥാപിമക്കൽ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പുനഃസ്ഥാപിക്കൽ തുടങ്ങിയ യാതൊന്നിനും ബജറ്റിൽ തുക വകയിരുത്തിയില്ല. വികസന കാര്യത്തിലെ വിവേചനത്തിനെതിരേ ശക്തമായ പ്രക്ഷോഭവുമായി ലീഗ് മുന്നോട്ട് പോകും. സി.പി.എം. ജില്ലയെ പൂർണ്ണമായും അവഗണിക്കുകയാണ്. ഇത്തരത്തിൽ ശത്രുത വെച്ചുപുലർത്തുന്നതിന്റെ കാരണം മനസ്സിലാവുന്നില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ഖാദർ, സെക്രട്ടറിമാരായ ഉമ്മർ അറയ്ക്കൽ, സലീം കുരുവമ്പലം, ഇസ്മായിൽ മൂത്തേടം, പി.കെ.സി. അബ്ദുറഹ്‌മാൻ, നൗഷാദ് മണ്ണിശ്ശേരി, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.