നിലമ്പൂർ : നിലമ്പൂർ കോവിലകത്തുമുറി ജനവാസകേന്ദ്രത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വീണ്ടും കാട്ടാനശല്യം. നഗരസഭയിലെ രണ്ടാം ഡിവിഷനിൽപ്പെട്ട പത്തോളം പേരുടെ പറമ്പിലാണ് വ്യാഴാഴ്ച പുലർച്ചെ കാട്ടാന നാശംവരുത്തിയത്.

കോവിലകത്തുമുറി ഭാഗത്ത് കാട്ടാനശല്യം രൂക്ഷമാണെങ്കിലും ഈ ഭാഗത്തെത്തുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറയുന്നു. ചാലിയാർ പുഴ കടന്ന് ആയിരവല്ലിക്കാവ് വഴി തീക്കടി റോഡുകടന്നാണ് കാട്ടാനയെത്തിയത്. ശാന്തിദുർഗം വീട്ടിൽ അഡ്വ. കെ.യു. രാധാകൃഷ്ണന്റെ വീടിന്റെ രണ്ടുഭാഗത്തുമുള്ള മതിലുകൾ തകർത്തിട്ടുണ്ട്. വീടിനോടു ചേർന്നുള്ള വാഴകളും നശിപ്പിച്ചു.

സമീപത്തുള്ള കൃഷ്ണവിലാസം പ്രമോദിന്റെ വീടിന്റെ ഗേറ്റ് പൊളിച്ചാണ് പുരയിടത്തിൽ കയറിയത്. ഇവിടെ കൃഷിനാശം വരുത്തിയിട്ടുണ്ട്. മാടത്തൊടി ദിവാകരന്റെ വീടിന്റെ മതിലും ഗേറ്റും, മുരുകേശന്റെ വീടിനോട് ചേർന്ന മതിലും, നിലമ്പൂർ കോവിലകം ഗോകുലം വീടിന്റെ മതിലും, സതിയമ്മയുടെ പുരയിടത്തിന്റെ മതിലും തകർത്തു. ബാബു കൂരിക്കാടിന്റെ വീടിനോടുചേർന്നുള്ള പ്ലാവിൽനിന്ന് ആന ചക്ക വീഴ്ത്തി തിന്നിട്ടുമുണ്ട്. പ്രദേശത്ത് കാട്ടാന വ്യാപക കൃഷിനാശമാണ് വരുത്തിയതെന്ന് വാർഡംഗം വിജയനാരായണൻ പറഞ്ഞു.

രാത്രിയിൽ ആന നാശം വരുത്തുന്നതിന്റെ ശബ്ദം കേട്ടവരുണ്ട്. ഭീതികാരണം പലരും പുറത്തിറങ്ങിയില്ല. പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.