മഞ്ചേരി : കോവിഡ് കേസുകൾ കുറഞ്ഞാൽ മെഡിക്കൽ കോളേജിൽ നിലവിലുണ്ടായിരുന്ന ഒ.പികൾ പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞു.

കോവിഡ് രോഗികൾ വർധിച്ചുവന്ന സാഹചര്യത്തിലാണ് ഒ.പി.കൾ നിർത്തലാക്കിയത്. അത്യാഹിതവിഭാഗത്തിൽ വരുന്നവർക്ക് ഇപ്പോഴും കോവിഡിതര ചികിത്സ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മഞ്ചേരി എം.എൽ.എ. അഡ്വ. യു.എ. ലത്തീഫിന്റെ സബ്മിഷന് മറുപടിപറയുകയായിരുന്നു അവർ.

സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകളിൽ കോവിഡിനൊപ്പം ഇതര ചികിത്സയും നൽകുന്നുണ്ടെന്ന് യു.എ. ലത്തീഫ് ചൂണ്ടിക്കാട്ടി.

പ്രസവം, ഹൃദ്രോഗം, അർബുദം എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ഒ.പി.കൾ നിർത്തലാക്കിയതോടെ അയൽ ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ജനറൽ മെഡിസിൻ, ഇ.എൻ.ടി., ഓർത്തോ, അർബുദം, കാർഡിയോളജി, സ്‌കിൻ എന്നിവയുടെ ഒ.പി.കൾ അടിയന്തിരമായി ആരംഭിക്കണം.

കോവിഡ് രോഗികൾക്കായി മാറ്റിവെച്ച 620 കിടക്കകളിൽ ഇപ്പോൾ മുന്നൂറിൽതാഴെ രോഗികൾ മാത്രമാണുള്ളത്. ഒഴിഞ്ഞുകിടക്കുന്ന കിടക്കകൾ ഇതര രോഗികൾക്കായി മാറ്റിവെക്കണമെന്നും മഞ്ചേരിയിലെ ജനറൽ ആശുപത്രി പുനഃസ്ഥാപിച്ച് രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.