തിരഞ്ഞെടുപ്പും കോവിഡും നടപടികൾവൈകിച്ചു

കൊണ്ടോട്ടി : താലൂക്ക് മിനി സിവിൽ സ്റ്റേഷനുവേണ്ടി സ്ഥലം കണ്ടെത്തുന്ന നടപടികൾ സത്വരമാക്കുമെന്നും ഇതിന് ബന്ധപ്പെട്ടവരുടെ അടിയന്തരയോഗം ചേരുമെന്നും റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. ടി.വി. ഇബ്രാഹീം എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മിനിസിവിൽ സ്റ്റേഷൻ നിർമിക്കുന്നതിന് ആദ്യം കണ്ടെത്തിയ, നഗരസഭയുടെ അധീനതയിലുള്ള സ്ഥലം വയലായതിനാൽ പുതിയ സ്ഥലം കണ്ടെത്തുന്നതിന് ജില്ലാ കളക്ടർ തഹസിൽദാർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന രണ്ട് സ്ഥലം കണ്ടെത്തിയിരുന്നു. മീൻചന്ത പ്രവർത്തിക്കുന്നയിടത്ത് സിവിൽസ്റ്റേഷൻ പ്രവർത്തിക്കുന്നതിന്ന് 0.98303 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കേണ്ടിവരും. കൂടാതെ ഇവിടെ രണ്ടുനിലക്കെട്ടിടം മാത്രമേ പണിയാൻ പറ്റൂ എന്നതിനാൽ ഇത് ഒഴിവാക്കി.

കൊളത്തൂരിലെ ട്രിഗർ ലോജിസ്റ്റിക് എന്ന സ്ഥാപനത്തിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാൻവേണ്ടി ന്യായവില നോക്കി ഒരു സെന്റിന് എത്ര രൂപ വേണ്ടിവരുമെന്ന് കണ്ടെത്തുന്നതിന് തഹസിൽദാറോട് നിർദേശിച്ചിരുന്നു. സ്ഥാപന ഉടമകൾ ഭൂമിയുടെ രേഖകൾ ഹാജരാക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലും തിരഞ്ഞെടുപ്പും കോവിഡും കാരണമാണ് സമയബന്ധിതമായി നടപടി സ്വീകരിക്കാൻ കഴിയാതിരുന്നതെന്ന് മന്ത്രി സഭയിൽ പറഞ്ഞു. മിനിസിവിൽ സ്റ്റേഷൻ ഇല്ലാത്തതിനാൽ പല ഓഫീസുകളും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നും സ്ഥലപരിമിതി കാരണം ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് ടി.വി. ഇബ്രാഹിം എം.എൽ.എ. പറഞ്ഞു.