മലപ്പുറം : കാണാനുള്ളത് കരളിൽ പകരാൻ ഇനി ജലാലുദ്ദീന്റെയും മഹ്‌ബൂബിന്റെയും ചാരെ അവരുണ്ടാകും. പ്രണയവെളിച്ചവുമായി രണ്ടുപേരുടെയും ജീവിതത്തിലേക്ക് ഇണകളായി അവരെത്തി. കോവിഡ് കാലത്ത് മഅദിൻ അക്കാദമിയിൽ നടന്ന രണ്ടു വിവാഹങ്ങൾക്ക് പറയാനുള്ളത് സന്തോഷത്തിന്റെ കഥകൾ.

മഅദിനിലെ കാഴ്ചപരിമിത വിദ്യാർഥികളായ ജലാലുദ്ദീൻ അദനിയുടെയും ഹാഫിള് ത്വാഹാ മഹ്‌ബൂബിന്റെയും വിവാഹമാണ് കഴിഞ്ഞദിവസം നടന്നത്. ചെറുപ്പത്തിലേ മഅദിൻ അക്കാദമിയിലെത്തിയവരാണവർ. വരുമ്പോൾ അക്ഷരങ്ങൾപോലും പരിചയമില്ലായിരുന്നു. ഇപ്പോൾ അറബി സാഹിത്യത്തിൽ ജെ.ആർ.എഫ്. കരസ്ഥമാക്കി പി.എച്ച്.ഡിക്ക് തയ്യാറെടുക്കുകയാണ് ജലാലുദ്ദീൻ അദനി.

പത്താംവയസ്സിലാണ് ത്വാഹാ മഹ്‌ബൂബ് വരുന്നത്. തഹ്ഫീളുൽ ഖുർആൻ കോളേജിൽനിന്ന് ഖുർആൻ മനഃപാഠമാക്കി 160 രാജ്യങ്ങളിലെ മത്സരാർഥികൾ പങ്കെടുത്ത ദുബായ്‌ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകൾക്കുപുറമെ സ്‌പാനിഷ്, ഫ്രഞ്ച് ഭാഷകൾകൂടി പഠിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജലാലുദ്ദീൻ അദനി വൈവാഹികജീവിതത്തിലേക്കു കടക്കുന്നത്.

ലോകപ്രശസ്തമായ ഏഴുശൈലിയിലുള്ള ഖുർആൻ പാരായണ പഠനത്തിന്റെ ഒരുക്കത്തിലാണ് ഹാഫിള് ത്വാഹാ മഹ്ബൂബ്. കോവിഡ് പശ്ചാത്തലത്തിൽ ചുരുങ്ങിയ ആളുകൾമാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.

മഅദിൻ അക്കാദമി 23 വർഷം പിന്നിടുമ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവുംവലിയ സന്തോഷ നിമിഷമാണിതെന്ന് കാർമികത്വംവഹിച്ച മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. ഓമച്ചപ്പുഴ വരിക്കോട്ടിൽ അബ്ദുള്ള ഹാജിയുടെ മകനായ ത്വാഹ മഹ്ബൂബിന്റെ വധു ഓലപ്പീടിക കോങ്ങശ്ശേരി മൊയ്തീൻകുട്ടിയുടെ മകൾ മുഹ്സിൻ ഷെറിൻ സ്വദീഖയാണ്. കുണ്ടൂർ പനയത്തിൽ മുഹമ്മദ്കുട്ടിയുടെ മകനായ ജലാലുദ്ദീൻ അദനി വിവാഹം കഴിച്ചത് മാറഞ്ചേരി ചുള്ളിലവളപ്പിൽ അബ്ദുറസാഖ് അഹ്സനിയുടെ മകൾ നുസൈബയെയാണ്.