മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ആയിരത്തഞ്ഞൂറോളം അധ്യാപക തസ്തികകളിൽ ആളില്ല. പ്ലസ്‌ടു ക്ലാസുകൾ ഓൺലൈനായാണ് തുടങ്ങിയതെങ്കിലും ഇത് അധ്യയനത്തിൽ പ്രതിസന്ധിയുണ്ടാക്കുന്നു.

ഈവർഷം ആദ്യഘട്ടം വിക്ടേഴ്‌സ് ചാനലിലൂടെയും തുടർന്ന് അതത് സ്‌കൂളുകളിലെ അധ്യാപകർതന്നെ ഓൺലൈനായും അധ്യയനം നടത്താനാണ് സർക്കാർ തീരുമാനം. പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി ഹയർസെക്കൻഡറി മേഖലയിൽ അൻപതിലധികം വിഷയങ്ങളുണ്ട്. പല വിദ്യാലയങ്ങളിലും ഒരുവിഷയം കൈകാര്യംചെയ്യാൻ ഒരധ്യാപകനേയുള്ളൂ.

ഏപ്രിലിൽ നടന്ന പ്ലസ്‌ടു പൊതുപരീക്ഷയ്ക്ക് ചില വിഷയങ്ങളിൽ റിവിഷൻ ക്ലാസുകൾ നടത്താൻപോലും അധ്യാപകരില്ലായിരുന്നു. 21-ന് പ്രായോഗിക പരീക്ഷ തുടങ്ങും. എന്നാൽ, പലർക്കും വേണ്ടത്ര പ്രായോഗിക പരിശീലനം കിട്ടിയിട്ടില്ല. പ്ലസ്‌വൺ പരീക്ഷ സെപ്‌റ്റംബറിൽ നടക്കാനിരിക്കെ, സംശയ ദൂരീകരണത്തിന് അധ്യാപകരില്ലാത്തതും കുട്ടികളെ വലയ്ക്കും.

കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, സയൻസ് കോമ്പിനേഷനുകളിലെ പരിചിതമല്ലാത്ത പുതിയ വിഷയങ്ങൾ ഓൺലൈൻ ക്ലാസുകൾകൊണ്ടുമാത്രം പഠിക്കാൻ കഴിയുന്നില്ലെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു.

പ്ലസ്‌വണ്ണിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേണലിസം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, ഹ്യുമാനിറ്റീസ്, അറബിക്, ഉറുദു തുടങ്ങിയ നിരവധി വിഷയങ്ങൾക്ക് വിക്ടേഴ്‌സ് വഴി മതിയായ ക്ലാസുകൾ ലഭിക്കുന്നുമില്ല. സ്വന്തം സ്‌കൂളിൽ അധ്യാപകർകൂടി ഇല്ലെങ്കിൽ അത്തരം വിഷയങ്ങൾ പഠിക്കുക പ്രയാസമാണ്.

നിയമനം നിലച്ചിട്ട് ഒന്നരവർഷം

സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലേക്ക് നിരവധി ഉദ്യോഗാർഥികൾക്ക് പി.എസ്.സി. നിയമന ഉത്തരവ് നൽകിയിട്ടുണ്ടെങ്കിലും ഒന്നരവർഷമായി നിയമനം നടക്കുന്നില്ല. 355 പേർക്ക് നിയമന ഉത്തരവും 240 പേർക്ക് നിയമന ശുപാർശയും നൽകിയിട്ടുണ്ട്. ജനറൽ, സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻ.സി.എ. ഒഴിവുകളിലെ നിയമനത്തിനായി അറുനൂറ്റമ്പതോളം പേരും കാത്തിരിക്കുന്നു.

സ്ഥാനക്കയറ്റത്തിനായുള്ള ഒഴിവുകളും വിരമിച്ചവരുടെ ഒഴിവുകളും കൂട്ടിയാൽ ആയിരത്തഞ്ഞൂറോളം തസ്തികകളിൽ നിയമനം നടക്കാനുണ്ടെന്ന് അധ്യാപകസംഘടനകൾ പറയുന്നു.

സ്‌കൂളുകൾ തുറക്കാത്തതാണ് നിയമനം വൈകാൻ കാരണമായി സർക്കാർ കഴിഞ്ഞവർഷം പറഞ്ഞത്. എന്നാൽ, പ്ലസ്ടു വിദ്യാർഥികൾ സംശയദൂരീകരണത്തിനായി ജനുവരി മുതൽ സ്‌കൂളിൽ എത്തിത്തുടങ്ങിയെങ്കിലും അധ്യാപകരെ നിയമിച്ചില്ല.ഹയർസെക്കൻഡറിയിൽ