വേങ്ങര : അടച്ചുപൂട്ടൽ കാരണം മുറിയിൽ കഴിയുകയായിരുന്ന അതിഥിത്തൊഴിലാളികൾ തമ്മിൽ വാക്കേറ്റം. തർക്കത്തിനിടെ ഒരാൾക്ക് കറിക്കത്തികൊണ്ട് കുത്തേറ്റു. ബീഹാർ സ്വദേശി സന്തോഷ്‌കുമാറിനാണ് (25) കുത്തേറ്റത്. രാജാ സഹ്നി(19)യാണ് കറിക്കത്തികൊണ്ട് കുത്തിയത്. വ്യാഴാഴ്ച രാവിലെ വേങ്ങര യാറംപടിയിലെ വാടകമുറിയിലായിരുന്നു സംഭവം.
പണത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു കലഹത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച 500 രൂപ കാണാത്തതിനെത്തുടർന്ന് ഇരുവരും കലഹിച്ചിരുന്നു. വ്യാഴാഴ്ച വീണ്ടും പണംചോദിച്ച് പ്രതി സന്തോഷിന്റെ മുറിയിലെത്തുകയും കറിക്കത്തികൊണ്ട് നെഞ്ചിന് കുത്തുകയുമായിരുന്നു. പരിക്കേറ്റ സന്തോഷിനെ ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നിരീക്ഷണത്തിലായിരുന്ന പ്രതിയെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തു. സി.ഐ പി.എം. ഗോപകുമാർ, എസ്.ഐ അബൂബക്കർ, സീനിയർ സി.പി.ഒ ഷിജു, രഞ്ജിത്ത്, കരീം എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.