കോട്ടയ്ക്കൽ : 'ഇക്കുറി പൊരിഞ്ഞ പോരിലാണ് ഞങ്ങൾ രണ്ടും. പോര് ഞങ്ങൾ തമ്മിലല്ലാട്ടോ..' ഭർത്താവിനൊപ്പം പ്രചാരണത്തിനിറങ്ങുമ്പോൾ സെറീനയുടെ 'കമന്റ്' ഇങ്ങനെ. കോട്ടയ്ക്കൽ നഗരസഭയിലെ സി.പി.എം. നേതാവ് ടി.പി. സുബൈറും ഭാര്യ സെറീന സുബൈറുമാണ് മത്സരിക്കുന്ന ദമ്പതിമാർ. സുബൈർ 13-ാം വാർഡിലും സെറീന 11-ാം വാർഡിലും മത്സരിക്കും. ഇടത് സ്വതന്ത്രരായാണ് തത്രംപള്ളി കുടുംബത്തിൽനിന്ന് ഭാര്യയും ഭർത്താവും അങ്കത്തിനിറങ്ങുന്നത്.

നിലവിൽ 11-ാം വാർഡായ വലിയപറമ്പിലെ അംഗമാണ് സുബൈർ. എന്നാൽ ഇത് ഇത്തവണ വനിതാസംവരണ വാർഡായി. പാർട്ടിയും നാട്ടുകാരും നിർബന്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സെറീന മത്സരിക്കാൻ തീരുമാനിച്ചതെന്ന് സുബൈർ പറഞ്ഞു.

മുമ്പ് മുസ്‌ലിംലീഗിന്റെ കുത്തകവാർഡായിരുന്ന 11-ൽ വിജയംകൊയ്ത സുബൈറിന് ഇത്തവണ 13-ാം വാർഡായ പാപ്പായിയാണ് പാർട്ടി നൽകിയത്. ഇ.പി. റഫീഖാണ് പാപ്പായിയിൽ സുബൈറിന്റെ യു.ഡി.എഫ്. എതിരാളി. അവിടെയും ഇടതിന്റെ കരുത്തുകാട്ടുകയാണ് ലക്ഷ്യം. സുബൈർ രണ്ടുതവണ നഗരസഭാംഗമായി.

കോഡൂർ സ്വദേശിനിയായ സെറീനയുടെ കുടുംബവും ഇടതുകുടുംബമാണ്. സുബൈറിനൊപ്പം പാർട്ടിപരിപാടികളിൽ സാന്നിധ്യമായ സെറീനയ്ക്ക് രാഷ്ട്രീയപ്രവർത്തനം പരിചിത മേഖലതന്നെ. 11-ാം വാർഡിൽ ഭർത്താവ് തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങൾക്ക് മികച്ച തുടർപ്രവർത്തനമുണ്ടാകുമെന്ന് സെറീന പറഞ്ഞു. സുബൈദ കറുമണ്ണിലാണ് സെറീനയുടെ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥി.

രണ്ടുമക്കളാണ് സുബൈർ-സെറീന ദമ്പതിമാർക്ക്‌; വിദ്യാർഥികളായ മുഹമ്മദ് ഫിദലും മുഹമ്മദ് നാദിലും. സുബൈറും സെറീനയും