ചേലേമ്പ്ര : പരമ്പരാഗത മുന്നണി സംവിധാനങ്ങളെ അട്ടിമറിച്ച് കഴിഞ്ഞതവണ പഞ്ചായത്തുഭരണം പിടിച്ച ജനകീയമുന്നണിയും യു.ഡി.എഫും തമ്മിലാണ് ചേലേമ്പ്രയിൽ ഇത്തവണയും പോരാട്ടം.

വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ നഷ്ടമായ ഏക പഞ്ചായത്ത് തിരികെ പിടിക്കാൻ യു.ഡി.എഫും. ജനകീയമുന്നണി സംവിധാനത്തിലൂടെ ഭരണം തുടരാൻ എൽ.ഡി.എഫും കളത്തിലിറങ്ങിക്കഴിഞ്ഞു.

അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ട് തേടാൻ തന്നെയാണ് ജനകീയ മുന്നണിയുടെ തീരുമാനം. വികസനത്തിൽ വികലതകളും സ്വജനപക്ഷപാതവും ആരോപിച്ച് യു.ഡി.എഫും പ്രചാരണരംഗത്തുണ്ട്.

ആകെയുള്ള 18 വാർഡുകളിൽ നിലവിൽ പത്തെണ്ണം ജനകീയ മുന്നണിയുടെ കൈയിലാണ്. ആറെണ്ണം യു.ഡി.എഫും രണ്ടെണ്ണം ബി.ജെ.പിയും നേടി. കഴിഞ്ഞ തവണ വിട്ടുപോയ പലരും തിരികെയെത്തിയതോടെ കെട്ടുറപ്പുള്ള പ്രകടനത്തിന് മുന്നണി തയ്യാറായെന്ന് യു.ഡി.എഫ്. ചെയർമാൻ കെ.പി. ദേവദാസ് പറഞ്ഞു. ജനകീയമുന്നണി ചെയർമാനായിരുന്ന കെ.പി. പോൾ തിരിച്ചെത്തിയവരിൽ പ്രമുഖനാണ്. ഓരോ സ്വതന്ത്രന്മാർ ഉൾപ്പെടെ 11 സീറ്റുകൾ മുസ്‌ലിംലീഗിനും ഏഴ് സീറ്റ് കോൺഗ്രസിനുമായാണ് വീതം വെച്ചിരിക്കുന്നത്. സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണം തുടങ്ങിക്കഴിഞ്ഞുവെന്ന് യു.ഡി.എഫ്. ഭാരവാഹികൾ പറഞ്ഞു.

എൽ.ഡി.എഫ്. നേതൃത്വത്തിലുള്ള ജനകീയ മുന്നണിയിൽ ഘടകക്ഷി അംഗങ്ങളും സ്വതന്ത്രരും മത്സരത്തിനിറങ്ങും. എല്ലാവാർഡുകളിലേക്കും സ്ഥാനാർഥികളെ നിശ്ചയിക്കുകയും ആദ്യവട്ട പ്രചാരണം പൂർത്തിയാക്കുകയും ചെയ്തെന്ന് ജനകീയ മുന്നണി നേതാക്കൾ പറഞ്ഞു.

കഴിഞ്ഞവർഷം ഇടഞ്ഞുനിന്ന സി.പി.ഐ. ഇത്തവണ തിരികെയെത്തിയത് ഇവർ നേട്ടമായി കരുതുന്നു. നിലവിൽ രണ്ടംഗങ്ങളുള്ള ബി.ജെ.പി. കൂടുതൽ വാർഡ് പിടിക്കാനും വോട്ടുവിഹിതം വർധിപ്പിക്കാനും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

ചേലേമ്പ്ര ഉറ്റുനോക്കുന്ന മത്സരം പതിനേഴാം വാർഡിലാണ്. വികസന നായകനായി ജനകീയ മുന്നണി ഉയർത്തിക്കാട്ടുന്ന നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷും ഒൻപതാം വാർഡിൽനിന്നുള്ള നിലവിലെ ലീഗംഗം ഇക്ബാൽ പൈങ്ങോട്ടൂരം തമ്മിലാണ് പോരാട്ടം.

വോട്ടർപട്ടികയിൽ കൃത്രിമമെന്ന്; പരപ്പനങ്ങാടിയിൽ മുസ്‌ലിംലീഗ് പ്രതിഷേധം

പരപ്പനങ്ങാടി : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പരപ്പനങ്ങാടിയിൽ വോട്ടർപട്ടികയിൽ കൃത്രിമം നടത്തുന്നതായി മുസ്‌ലിംലീഗിന്റെ പരാതി. പരാജയ ഭീതിയെത്തുടർന്ന് ഇടതുകക്ഷികളാണ് കൃത്രിമം നടത്തുന്നതെന്നാണ് ലീഗ് ആരോപണം. ഇതിനെതിരേ പ്രതിഷേധിച്ച പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിംലീഗ് നേതൃത്വം ബന്ധപ്പെട്ടവർക്ക് പരാതിനൽകി. കിടപ്പുരോഗികളും മാറാരോഗികളും വൃദ്ധരുമായ ഒട്ടനവധി പേരെയാണ് വോട്ടർപട്ടികയിൽനിന്ന്‌ നീക്കംചെയ്യാൻ അപേക്ഷ നൽകിയതെന്നാണ് ലീഗ് ഭാരവാഹികൾ പറഞ്ഞത്. കോവിഡ് കാലത്ത് ഹിയറിങ് നോട്ടീസ് കൈപ്പറ്റി നഗരസഭാ ഓഫീസിൽ ഹാജരാകേണ്ടിവരുന്ന ദുരവസ്ഥയ്ക്ക് കാരണക്കാരായവരുടെ പേരിൽ നിയമനടപടി സ്വികരിക്കണമെന്നും വാർഡിലെ സ്ഥിരതാമസക്കാരല്ലാത്തവരെയും മറ്റുവാർഡുകളിൽ വോട്ടവകാശമുള്ളവരെയും രാഷ്ടീയലക്ഷ്യത്തോടെ നീക്കംചെയ്യാനുള്ള ശ്രമം തടയണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. കിടപ്പിലായവരെ ആംബുലൻസിലാണ് ഹിയറിങ്ങിന് ഹാജരാക്കിയത്. മണ്ഡലം പ്രസിഡന്റ് സയ്യിദ് പി.എസ്.എച്ച്. തങ്ങൾ ഉദ്ഘാടനംചെയ്തു. ഉമ്മർ ഒട്ടുമ്മൽ അധ്യക്ഷതവഹിച്ചു. വി.പി. കോയ ഹാജി, അലി തെക്കേപ്പാട്ട്, അഡ്വ. കെ.കെ. സൈതലവി, സി.ടി. അബ്ദുൽനാസർ, അബ്ദു ആലുങ്ങൽ, എം.വി. ഹസൻകോയ, സി. അബ്ദുറഹ്‌മാൻകുട്ടി, എ. കുട്ടിക്കമ്മു എന്നിവർ പ്രസംഗിച്ചു.

വോട്ടുതള്ളൽ; യൂത്ത്‌ലീഗ് നിയമനടപടിക്ക്

പരപ്പനങ്ങാടി : നഗരസഭയിലെ 23-ാം ഡിവിഷനിലെ വ്യാപകമായ വോട്ടുതള്ളലിനെതിരേ യൂത്ത്‌ലീഗ് നിയമനടപടിക്ക്. കിടപ്പുരോഗികളെയും വൃദ്ധരെയുമാണ് സ്ഥലത്തില്ല എന്നുപറഞ്ഞ് വോട്ടുതള്ളാൻ അപേക്ഷ കൊടുത്തത്. സി.പി.എമ്മിന്റെ നേതൃത്വത്തിലാണ് വോട്ടുതള്ളാൻ ശ്രമിക്കുന്നതെന്നാണ് യൂത്ത്‌ലീഗ് പരാതിയിൽ പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷൻ, റിട്ടേണിങ് ഓഫീസർ എന്നിവർക്കാണ് മുസ്‌ലിം യൂത്ത്‌ലീഗ് പരാതി നൽകിയത്. അനധികൃതമായി വോട്ടുതള്ളാൻ അപേക്ഷ കൊടുത്തവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം യൂത്ത്‌ലീഗ് സെക്രട്ടറി നവാസ് ചിറമംഗലം ആവശ്യപ്പെട്ടു.