മലപ്പുറം: മാറുമോ മലപ്പുറം മറുപുറത്തേക്ക് ? ഉത്തരം അത്ര പെട്ടെന്ന് പറയാൻ മലപ്പുറത്തുകാർക്ക് കഴിയില്ല. യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറം നഗരസഭ ഒരിക്കൽ കൈവിട്ടെങ്കിലും പിന്നീടെന്നും അവരെയാണ് കൂടെനിർത്തിയത്. 1971-ൽ സ്ഥാപിതമായ നഗരസഭയിൽ 1995-ൽ മാത്രമാണ് ഭരണം ഇടത്തോട്ടുപോയത്. വെറും രണ്ടുവർഷം മാത്രമായിരുന്നു അതിന് ആയുസ്സ്. ഉപതിരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിച്ചു. അതിനുശേഷം കാര്യമായ വെല്ലുവിളി മുസ്‌ലിംലീഗിന് ഈ മണ്ണിലുണ്ടായിട്ടില്ല. എന്തിനധികം പറയണം, പിന്നീട് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവുമായാണ് എല്ലാതവണയും ലീഗ് നഗരസഭ കയറുന്നത്.

നിലവിൽ 25 സീറ്റുമായാണ് യു.ഡി.എഫ്. അധികാരത്തിൽ. 15 സീറ്റുമായി എൽ.ഡി.എഫ്. പ്രതിപക്ഷത്തും. 2015-ൽ എൽ.ഡി.എഫ്. മികച്ച പോരാട്ടത്തിലൂടെ അംഗബലം ഇരട്ടിയാക്കിയപ്പോൾ ക്ഷീണമുണ്ടായത് കോൺഗ്രസിനാണ്. വെറും രണ്ടിലൊതുങ്ങി അവർ. ഭരണം നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. ക്യാമ്പ്. ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. പാളയം. എതിർപക്ഷത്തെ വിമതസ്വരങ്ങളും മുന്നണിക്ക് പുറത്തുനിന്നുകിട്ടുന്ന സഹകരണവും നൽകുന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. സ്ഥാനാർഥി നിർണയത്തിലടക്കം പല വാർഡുകളിലും ഈ തന്ത്രം പയറ്റി. വിമതരെയും പരിചിതമുഖങ്ങളെയും സ്ഥാനാർഥികളാക്കിയതിലൂടെ ഒരുമുഴം മുൻപേ ഗോദ എൽ.ഡി.എഫ്. ആവേശമാക്കി. കപ്പിനും ചുണ്ടിനും ഇടയിൽ 2015-ൽ നഷ്ടമായ വാർഡുകൾ ചേർത്ത് 30 സീറ്റ് ഉറപ്പിക്കാനാണ് യു.ഡി.എഫിന്റെ പോരാട്ടം. അതുകൊണ്ടുതന്നെ നാട്ടുകാരെയാണ് പല വാർഡുകളിലും സ്ഥാനാർഥികളാക്കിയത്.

പ്രചാരണ വിഷയങ്ങൾ

വികസനമുരടിപ്പും തുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കാത്തതുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ബസ്‌സ്റ്റാൻഡ് രേഖ കാണാതായതും ദ്രവമാലിന്യ സംസ്‌കരണശാല പ്രവർത്തിക്കാത്തതും അവർ ആയുധമാക്കുന്നു. പി.എം.എ.വൈ, ലൈഫ് പദ്ധതിയിൽ 1800 വീടുകൾ യാഥാർഥ്യമാക്കിയത് ഭരണനേട്ടമായി യു.ഡി.എഫ്. കാണുന്നു. 2018-19 വർഷത്തിലെ സ്വച്ഛത എക്‌സലൻസ് അവാർഡും 2019-ലെ മുഖ്യമന്ത്രിയുടെ ഹരിത അവാർഡും ഭരണനേട്ടത്തിന്റെ അംഗീകാരമാണെന്ന് അവകാശപ്പെടുന്നു.

സീറ്റ് വിഭജനം പൂർണം

മത്സരിക്കുന്നവരെക്കുറിച്ച് മുന്നണികൾ ധാരണയിലായിക്കഴിഞ്ഞു. 40 വാർഡുകളിൽ 27 സീറ്റിൽ മുസ്‌ലിംലീഗും 13 എണ്ണത്തിൽ കോൺഗ്രസും മത്സരിക്കും. എൽ.ഡി.എഫിൽ 34 സീറ്റിൽ സി.പി.എമ്മും മൂന്നുവീതം സീറ്റുകളിൽ സി.പി.ഐ, ഐ.എൻ.എൽ. കക്ഷികളും പോരാട്ടത്തിനിറങ്ങും.മിഠായി അലിഞ്ഞാലും ചിഹ്നം മറക്കരുത്...

തദ്ദേശതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ വോട്ടർമാരുടെ മനസ്സിൽ ഇടംപിടിക്കാൻ പുതുസാധ്യതകൾ തേടുകയാണ് പാർട്ടിക്കാരും നേതാക്കളും. കച്ചവടസാധ്യത മുന്നിൽക്കണ്ട് തന്ത്രങ്ങളുമായി വിപണിയും ഉണർന്നു. മലപ്പുറം മൂന്നാംപടിയിൽ വിൽപ്പനയ്ക്കെത്തിയ പാർട്ടി ചിഹ്നങ്ങളടങ്ങിയ മിഠായികൾ