കോട്ടയ്ക്കൽ: കള്ളൻമാർ മാത്രമല്ല, മീനുകളും ഇപ്പോൾ ഒരു പോലീസുകാരനെ പേടിക്കേണ്ട അവസ്ഥയാണ്. എപ്പോഴാണ് ആ എസ്.ഐ. വലയെറിയുക എന്നറിയില്ല; വലയിട്ടാൽ കുടുങ്ങിയതുതന്നെ. പൊന്നാനി കോസ്റ്റൽ സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ പി.ജെ. ആൽബർട്ടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ആലപ്പുഴ സ്വദേശിയായ ആൽബർട്ട് ഒഴിവുസമയം കിട്ടുമ്പോഴെല്ലാം കടലിൽ പോകും; ഒരു കൊട്ട മീനുമായിട്ടാകും തിരിച്ചുവരവ്.

ആദ്യമൊക്കെ പൊന്നാനിയിലെ മത്സ്യത്തൊഴിലാളികൾക്ക് അദ്‌ഭുതമായിരുന്നു ആൽബർട്ടും അദ്ദേഹത്തിന്റെ പൊന്തുവള്ളവും. വലിയ തിരമാലകളെ കീറിമുറിച്ച് പൊന്തുവള്ളം തുഴയുന്ന അദ്ദേഹത്തോട് മത്സ്യത്തൊഴിലാളികൾ പറയും ‘സൂക്ഷിക്കണേ...’

ഒരു ചെറുപുഞ്ചിരി മാത്രമായിരിക്കും ആൽബർട്ടിന്റെ മറുപടി.

ചെറുപ്പത്തിൽ, 13 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് കടലുമായുള്ള ബന്ധം. അച്ഛൻ ജോസഫിനെ സഹായിച്ചായിരുന്നു തുടക്കം. കടലിലേക്കു നീട്ടുന്ന കമ്പവല വലിച്ചുകയറ്റാൻ സഹായിക്കുകയായിരുന്നു ജോലി. ചെറിയ വള്ളത്തിൽ അച്ഛൻ കടലിലേക്ക് പോകുമ്പോൾ കൂടെ ആൽബർട്ടും പോകും.

തോണിയുപയോഗിച്ചുള്ള മീൻപിടിത്തം പിന്നീടെപ്പോഴോ പൊന്തുവള്ളത്തിലേക്കു മാറി. രണ്ടുപേർക്ക്‌ കഷ്ടിച്ച് ഇരിക്കാവുന്ന, ത്രികോണാകൃതിയിൽ, തെർമോക്കോൾ കൊണ്ടുണ്ടാക്കിയ വള്ളമാണ് പൊന്തുവള്ളം. ഇതിൽ ഗിൽനെറ്റ് എന്നുപറയുന്ന നീട്ടുവല ഉപയോഗിച്ചാണ് മീൻപിടിത്തം.

കടലിൽ പോകുന്നതിന് പൂർണ പിന്തുണയാണ് ഭാര്യ ബീനയും ബി.എ.എം.എസിന് പഠിക്കുന്ന മകൾ അപർണയും മകൻ അതുലും നൽകുന്നത്.

വേണമെങ്കിൽതൊണ്ടിവാഹനങ്ങളിലുംമീൻ വളരും

ചങ്ങരംകുളം പോലീസ്‌സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് കൃഷിയിലും ഒരുകൈ നോക്കിയാലെന്താ എന്നു ചിന്തിക്കുന്നത്.

ഉടൻതന്നെ പോലീസ്‌സ്റ്റേഷന്റെ ടെറസ്സിലും പരിസരത്തുമായി കൃഷി തുടങ്ങി.

പച്ചക്കറിക്കൃഷിക്കു പുറമേ മീൻ, കോഴി, താറാവ്, കാട എന്നിവയും ഓണക്കാലത്ത് പൂക്കൃഷിയുംചെയ്തു.

തൊണ്ടിവാഹനങ്ങളിൽ ടാർപോളിൻ വിരിച്ച് നടത്തിയ മത്സ്യക്കൃഷി സഹപ്രവർത്തകരുടെ അനുമോദനങ്ങൾക്ക് പാത്രമായി. ‌

സ്‌നേഹിക്കാൻ മലപ്പുറത്തുകാർതന്നെ

ഇതുവരെ ജോലിചെയ്ത സ്ഥലങ്ങളൊക്കെ വെച്ചുനോക്കുമ്പോൾ മലപ്പുറത്തുകാരാണ് ഏറ്റവുമധികം പിന്തുണ നൽകിയതെന്ന് ആൽബർട്ട് പറയുന്നു. സ്നേഹത്തിന്റെ കാര്യത്തിൽ മലപ്പുറത്തുകാരെ വെല്ലാൻ ആരുമില്ല. പൊന്തുവള്ളം വലിച്ചുകയറ്റാൻ സഹായിക്കുന്നതുതൊട്ടു തുടങ്ങും ഈ സ്നേഹം. ആദ്യമൊന്നും ആൽബർട്ട് പോലീസുകാരനാണെന്ന് ഇവർക്ക് അറിയുമായിരുന്നില്ല. ആൽബർട്ടിന്റെ മീൻപിടിത്തരീതികൾ കണ്ട ഇവർ ചോദിച്ചു -'ഇങ്ങളുടെ പേരെന്താ ?... ഏതാ ഇങ്ങളുടെ രാജ്യം?’ പോലീസുകാരനാണെന്നറിഞ്ഞപ്പോൾ സ്‌നേഹം ആദരവിനു വഴിമാറി.

മത്സ്യത്തൊഴിലാളികൾക്കുവേണം ഇത്തിരി ആദരവ്

മത്സ്യത്തൊഴിലാളികളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന അപേക്ഷയാണ് ആൽബർട്ടിനുള്ളത്. ഒരു പ്രളയം വേണ്ടിവന്നു ഇവരെ അംഗീകരിക്കാനെന്ന് ആൽബർട്ട് പറയുന്നു.

മത്സ്യത്തൊഴിലാളികളുടെ മക്കളെ മത്സരപ്പരീക്ഷകളിൽ വിജയിപ്പിക്കാൻ പൊന്നാനി പോലീസ് നടത്തുന്ന തീരസൗഹൃദം എന്ന പരിപാടിക്കും ആൽബർട്ട് നേതൃത്വം നൽകുന്നുണ്ട്. ആൽബർട്ടും സംഘവും പരിശീലിപ്പിച്ച കുട്ടികളിൽ നാല് പെൺകുട്ടികൾ പോലീസിൽ ജോലി നേടിക്കഴിഞ്ഞു.