59 പേരുടെ ഓർമയിൽ 68 പേർ രക്തം നൽകി
പെരിന്തൽമണ്ണ : മൺമറഞ്ഞുപോയ ദുരന്തത്തിന്റെ ഓർമയ്ക്ക് ഒരുവർഷം തികയുന്ന ദിവസം. സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്ത് അതേ രീതിയിൽ മറ്റൊരുദുരന്തം. ഇതിനെല്ലാമിടയിൽ ഉറ്റവർക്കായി ജീവരക്തം നൽകിയായിരുന്നു അവരുടെ സ്മരണാഞ്ജലി.
കവളപ്പാറ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ച 59 പേർക്കായി 68 ബന്ധുമിത്രാദികളാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി രക്തബാങ്കിൽ രക്തം നൽകിയത്. ദുരന്തത്തിന്റെ ഓർമദിനത്തിൽ കവളപ്പാറ കോളനിക്കൂട്ടായ്മ കവളപ്പാറയിൽ നടത്തിയ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് 18-ഓളം വാഹനങ്ങളിലായി കൺവീനർ ദിലീപ് മങ്ങാട്ടുതൊടിയുടെ നേതൃത്വത്തിൽ രാവിലെ പത്തോടെ ഇവർ പെരിന്തൽമണ്ണയിലെത്തിയത്.
രക്തബാങ്ക് മാനേജർ ഇ. രാമചന്ദ്രൻ രക്തം നൽകിയ എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകി. കഴിഞ്ഞ ഏപ്രിൽ 27-നും മുപ്പതോളം പേർ പെരിന്തൽമണ്ണയിലെത്തി രക്തദാനം നടത്തിയിരുന്നു. കവളപ്പാറയിൽ നടത്തിയ പുഷ്പാർച്ചനയിൽ കാത്തോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. യോഹന്നാൻ തോമസ് പുഷ്പങ്ങളർപ്പിച്ച് തുടക്കമിട്ടു. സ്ത്രീകളും കുട്ടികളും അടക്കം മൂന്നൂറോളംപേർ പുഷ്പാർച്ചന നടത്തി. എം. ദിലീപ്, എം. സനീഷ്, ജയൻ, സുരേഷ്ബാബു തുടങ്ങിയവർ നേതൃത്വംനൽകി.