കുറ്റിപ്പുറം : ദുബായിയിൽനിന്നുള്ള വിമാനം കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വാർത്ത അറിഞ്ഞപ്പോൾമുതൽ ഒന്നും സംഭവിച്ചിട്ടുണ്ടാകരുതേ എന്ന് പ്രാർഥിക്കുകയായിരുന്നു കുറ്റിപ്പുറം തെക്കേ അങ്ങാടിയിലെ ചോഴിമഠത്തിൽ ഹംസ(51)യുടെ കുടുംബം. എന്നാൽ, പ്രിയപ്പെട്ടവന്റെ വിവരം ഒന്നുമറിയാതെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിലായിരുന്നു ആ കുടുംബം.
പാസഞ്ചർ ലിസ്റ്റിൽ 100-ാം നമ്പറുകാരനായി ഹംസയുടെ പേരുണ്ടായിരുന്നെങ്കിലും പരിക്കേറ്റ് ചികിത്സയിലുള്ളവരുടെയോ മരിച്ചവരുടേയോ കൂട്ടത്തിൽ ഹംസയുടെ പേരില്ലായിരുന്നു. തകർന്ന വിമാനാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടാകുമോ എന്ന സംശയവുമുയർന്നു. ബന്ധുക്കളും നാട്ടുകാരും വിമാനത്താവളത്തിലേക്കും ആശുപത്രികളിലേക്കും പാഞ്ഞെത്തിയെങ്കിലും ഹംസയെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. സമൂഹമാധ്യമങ്ങൾവഴി ഹംസയെ കണ്ടെത്താനുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചു.
ഒടുവിൽ കളക്ടർ ഉൾപ്പെടെയുള്ളവരെ സമീപിച്ചു. കോഴിക്കോട്ടെ ഒരു ആശുപത്രിയിൽ ഹംസ ചികിത്സയിലുണ്ടെന്ന് വിവരം ലഭിച്ച് ബന്ധുക്കൾ അവിടെയെത്തിയെങ്കിലും അത് വേറെ ഹംസയായിരുന്നു. ഒടുവിൽ ശനിയാഴ്ച രാവിലെ ഒൻപതോടെയാണ് ആ ആശ്വാസവാർത്ത എത്തിയത്.
ഹംസ കോഴിക്കോട് മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടെന്നുള്ള വിവരം അധികൃതർ ബന്ധുക്കൾക്ക് നൽകി. ആശുപത്രി രേഖകളിൽ സിറാജ് എന്ന പേര് രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. രക്ഷാപ്രവർത്തകരാണ് പേര് നൽകിയത്.
നാല് പെൺമക്കളും ഭാര്യയും അടങ്ങുന്ന നിർധന കുടുംബത്തിന്റെ അത്താണിയായ ഹംസ ഒന്നരവർഷം മുൻപാണ് വിദേശത്തേക്ക് പോയത്.
ദുബായിയിൽ സെയിൽസ്‌മാൻ ആയി ജോലിചെയ്യുന്ന ഹംസ മൂത്ത മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാട്ടിലേക്ക് തിരിച്ചത്. ക്വാറന്റീനിൽ കഴിയാനുള്ളതിനാൽ വീട് അദ്ദേഹത്തിനായി ഒഴിച്ചിട്ട് ഭാര്യയും കുട്ടികളും ബന്ധുവീട്ടിലേക്ക് താമസംമാറി കാത്തിരിക്കുന്നതിനിടെയാണ് ദുരന്തവാർത്തയെത്തിയത്.