പൊന്നാനി : നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ പൊന്നാനി പോലീസ് അറസ്റ്റുചെയ്തു. വർഷങ്ങളായി ഒളിവിലായിരുന്ന വെളിയങ്കോട് സ്വദേശിയാണ് പിടിയിലായത്. മോഷണം, പിടിച്ചുപറി, ബലാത്സംഗം തുടങ്ങിയ കേസുകളിൽ നിരവധി സ്റ്റേഷനുകളിൽ കേസുള്ള വെളിയങ്കോട് ബീവിപ്പടി സ്വദേശിയായ വടക്കേപ്പതുവീട്ടിൽ മെഹബൂബ്‌ (43) ആണ് അറസ്റ്റിലായത്.

മങ്കട, പെരുമ്പടപ്പ്, തൃത്താല, നെടുമ്പാശ്ശേരി, പൊന്നാനി സ്‌റ്റേഷനുകളിൽ വിവിധ കേസുകളിലായി വാറണ്ടുള്ള മെഹബൂബ് പോലീസിനെ കബളിപ്പിച്ച് വർഷങ്ങളായി മുങ്ങിനടക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇത്തരം പ്രതികൾക്കായുള്ള അന്വേഷണത്തിനിടെയാണ് വെളിയങ്കോട്ടുനിന്ന് ഇയാൾ അറസ്റ്റിലായത്.

പൊന്നാനി സി.ഐ പി. നാരായണന്റെ നിർദേശപ്രകാരം എസ്.ഐ സുധീർ, സി.പി.ഒമാരായ സുധീഷ്, രഘു, മഹേഷ് എന്നിവർചേർന്നാണ് പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.