പെരിന്തൽമണ്ണ : ഭർത്താവിന്റെ മരണത്തെത്തുടർന്ന് ഒറ്റപ്പെട്ട് പെരിന്തൽമണ്ണയിലെ നാഷണൽ സർവീസ് സൊസൈറ്റി അഭയമന്ദിരത്തിൽ കഴിയുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയായ യുവതിയെത്തേടി ഒടുവിൽ ബന്ധുക്കളെത്തി. തമിഴ്‌നാട് സേലം സ്വദേശി പാപ്പാത്തി (34)യാണ് ആരും സംരക്ഷിക്കാനില്ലാതെ കഴിഞ്ഞ നവംബർ-20 മുതൽ പെരിന്തൽമണ്ണ നാഷണൽ സർവീസ് സൊസൈറ്റി സ്വാധാർ ഗ്രെഹ് അഭയമന്ദിരത്തിന്റെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്നത്. മലപ്പുറം പോലീസാണ് യുവതിയെ ഇവിടെയെത്തിച്ചത്.

ബന്ധുക്കൾക്കുവേണ്ടി അഭയമന്ദിരം ഭാരവാഹികളും പോലീസും അന്വേഷിച്ചുവരികയായിരുന്നു. ആറുവർഷമായി മലപ്പുറത്തിനടുത്ത് ഭർത്താവിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. പോലീസും അഭയമന്ദിരം ഭാരവാഹികളും തമിഴ്നാട്ടിലെ യഥാർഥ വിലാസവും ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിനൊടുവിലാണ് പാപ്പാത്തിയെ തേടി അമ്മ ഉണ്ണമാലൈ അരുണാചലവും നാട്ടുകാരനുമെത്തിയത്. ഇവർക്കൊപ്പം പാപ്പാത്തി നാട്ടിലേക്ക് തിരിച്ചു.