മലപ്പുറം : ‘എല്ലാദിവസവും വനിതാദിനമാണ്, നമ്മുടെ പെൺകുട്ടികൾ സ്വയംപ്രതിരോധത്തിന് പ്രാപ്തരായാലേ സ്ത്രീശാക്തീകരണം നടക്കൂ.’ പറയുന്നത് പോലീസ് മെഡൽ കരസ്ഥമാക്കിയ ജില്ലയിലെ ആദ്യ വനിതയായ സീനിയർ സിവിൽ പോലീസ് ഒാഫീസർ വത്സലയാണ്.

2015 മുതൽ വനിതകൾക്ക് സ്വയംപ്രതിരോധത്തിന് പരിശീലനംനൽകുന്ന മാസ്റ്ററാണ് ഇവർ. ഇതുവരെ അരലക്ഷത്തോളംപേർക്ക് പരിശീലനം നൽകിക്കഴിഞ്ഞ പദ്ധതി ജില്ലയിൽ പെൺകുട്ടികൾക്ക് സ്വയംപ്രതിരോധത്തിനുള്ള മികച്ച വഴികാട്ടിയാണ്.

പരിശീലനക്ലാസുകൾ, ബോധവത്കരണം എന്നിവയാണ് നൽകുന്നത്. ജില്ലയിൽനിന്ന് നാല്‌ വനിതാപോലീസുകാരെ തിരഞ്ഞെടുത്താണ് കേരളപോലീസ് സ്ത്രീസുരക്ഷ സ്വയംപ്രതിരോധ പരിശീലനപരിപാടി തുടങ്ങിയത്. ഇന്ന് ഏറെ പെൺകുട്ടികൾക്കും വനിതാകൂട്ടായ്മകൾക്കും പരിശീലനം നൽകുന്നുണ്ട്.

മലപ്പുറത്തെ അന്ധവിദ്യാലയത്തിലെ പെൺകുട്ടികൾക്കും ഇതിനോടകം പരിശീലനം നൽകി. ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറും മുഖ്യമന്ത്രിയുടെ മെഡലും പ്രസിഡന്റിന്റെ മെഡലും വാങ്ങിച്ച സംസ്ഥാനത്തെ ഏക വനിതാ സിവിൽ പോലീസ് ഓഫീസറാണ് തച്ചിങ്ങനാടം സ്വദേശിയായ വത്സല.

ആക്രമണസാഹചര്യങ്ങളെ നേരിടാൻ സ്ത്രീകളും പെൺകുട്ടികളും സ്വയം പ്രതിരോധതന്ത്രങ്ങൾ സ്വായത്തമാക്കണമെന്നും വത്സല പറയുന്നു. നിലവിൽ ജില്ലാ പോലീസ് ഹെഡ്ക്വാർട്ടറിലാണ് വത്സല.

ഭർത്താവ് ഗിരീശൻ. മക്കളായ അഖിൽനാഥും ആർജവ് നാഥും വിദ്യാർഥികളാണ്.