പെരിന്തൽമണ്ണ : ഏഴു കേസുകളിൽ പ്രതിയായ യുവാവിന് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ) പ്രകാരം മലപ്പുറംജില്ലയിൽ പ്രവേശനവിലക്ക്. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിലെ പുത്തനങ്ങാടി ആലിക്കൽ അജ്‌നാസിനെ(27) നെതിരേയാണ് നടപടി.

പ്രതി ഒരുവർഷത്തേക്ക്‌ മലപ്പുറംജില്ലയിൽ പ്രവേശിക്കാൻ പാടില്ല. അത്യാവശ്യമുണ്ടെങ്കിൽ പ്രവേശിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.

അജ്‌നാസ് മലപ്പുറം, മങ്കട, പെരിന്തൽമണ്ണ, സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ പരിധികളിലായി അടിപിടി, പൊതുമുതൽ നശിപ്പിക്കൽ, പിടിച്ചുപറി, ലഹരിവസ്തുക്കൾ കൈവശംവെക്കൽ തുടങ്ങിയവയിലായി ഏഴു കേസുകളിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയത്.

പ്രതി ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അടുത്ത പോലീസ് സ്റ്റേഷനിലോ പെരിന്തൽമണ്ണ പോലീസിലോ (04933227231) ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലോ (04832734993) അറിയിക്കണം.

ഒരു വർഷത്തിനുള്ളിൽ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിച്ച് പിടിയിലായാൽ മൂന്നുവർഷംവരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും.