ചങ്ങരംകുളം : ബിഹാർ സ്വദേശിയുടെ മൃതശരീരം വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് ആശുപത്രിയിൽ സംഘർഷം. നഷ്ടപരിഹാരം നൽകാതെ മൃതശരീരം വിട്ടുകൊടുക്കില്ലെന്ന് ശഠിച്ച് ബിഹാറുകാർ സംഘടിച്ചെത്തി ആംബുലൻസ് തടഞ്ഞതാണ് പ്രശ്‌നത്തിന് കാരണമായത്. മൂക്കുതല കാഞ്ഞിയൂരിലെ മരമില്ലിൽ മോട്ടോർ തുടയ്ക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് ബിഹാർ സമാസ്റ്റിപ്പൂർ സ്വദേശി ഇസ്‌റാഫിൽ(27) ഷോക്കേറ്റ് മരിച്ചത്. ബുധനാഴ്ച പത്തുമണിയോടെ മൃതദേഹപരിശോധനയ്ക്കായി ചങ്ങരംകുളം പോലീസെത്തിയപ്പോഴാണ് 200 പേർ വരുന്ന ബിഹാറുകാർ സംഘടിച്ചെത്തിയത്. മില്ലുടമ നഷ്ടപരിഹാരം നൽകാതെ മൃതശരീരം കൊണ്ടു പോകാനനുവദിക്കില്ലെന്നായതോടെ പോലീസ് മില്ലുടമയുമായി ചർച്ച നടത്തി. ഒരു ലക്ഷം രൂപ കുടുംബത്തിന് നൽകാമെന്നും മൃതശരീരം വിമാനത്തിൽ നാട്ടിലെത്തിക്കാമെന്നും ഉടമ സമ്മതിച്ചതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽകോളേജിലെത്തിച്ച് നടപടികൾ പൂർത്തിയാക്കി.