മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് മാറ്റിവെച്ച എസ്.എസ്‌.എൽ.സി, പ്ലസ്ടു പരീക്ഷകൾ വ്യാഴാഴ്ച ആരംഭിക്കും.

295 കേന്ദ്രങ്ങളിലായി 76,173 കുട്ടികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തുതന്നെ ഏറ്റവുംകൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 26,679 കുട്ടികൾ.

ജില്ലയിൽ 240 ഹയർസെക്കൻഡറി പരീക്ഷാകേന്ദ്രങ്ങളിലായി 79,967 വിദ്യാർഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതുന്നത്. 40,534 ആൺകുട്ടികളും 39,433 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. അതിൽ റഗുലറായി പഠിക്കുന്ന 58,293 വിദ്യാർഥികളും 19,348 ഓപ്പൺ വിദ്യാർഥികളും 2326 പ്രൈവറ്റ് വിദ്യാർഥികളുമാണുള്ളത്.

എട്ടുമുതൽ 12 വരെയുള്ള എസ്.എസ്.എൽ.സി. പരീക്ഷകൾ ഉച്ചയ്ക്കുശേഷവും ബാക്കിയുള്ളവ രാവിലെയും നടക്കും. ഹയർസെക്കൻഡറി പരീക്ഷകൾ രാവിലെയാണ് നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഇത്തവണയും പരീക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക്‌ ഓരോ ഹാളിലും സാമൂഹിക അകലം പാലിച്ച് 20 വിദ്യാർഥികളെ ഇരുത്തും.

പരീക്ഷാഹാളിലേക്ക് പ്രവേശിക്കുന്നതിനും തിരിച്ചുപോകുന്നതിനും നിബന്ധനകളുണ്ട്. സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ് എന്നിവയെല്ലാം വിദ്യാർഥികൾക്കും അധ്യാപകർക്കും നൽകും.

പരീക്ഷാഹാളിലേക്ക് പ്രവേശിക്കുംമുമ്പ് എല്ലാവരെയും തെർമൽ സ്‌കാനിങ്ങിന് വിധേയരാക്കും.