നിലമ്പൂർ : ചാലിയാർ പഞ്ചായത്തിലെ തോട്ടപ്പള്ളിയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായി. ഒറ്റദിവസംകൊണ്ടുതന്നെ എഴുനൂറിലധികം വാഴകളാണ് നശിപ്പിച്ചത്. തോട്ടപ്പള്ളി വേളൂർ തോമസിന്റെ വാഴകളാണ് നശിപ്പിച്ചത്. ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ട്.

പന്തീരായിരം ഉൾവനത്തിൽനിന്ന് കുറുവൻപുഴ കടന്നാണ് കാട്ടാനകൾ രാത്രിയിൽ കൃഷിയിടങ്ങളിലേക്കെത്തുന്നത്.

മേഖലയിൽ പ്രധാന നേന്ത്രവാഴക്കൃഷിയുള്ള പ്രദേശമാണിവിടെ. അഞ്ഞൂറോളം കർഷക കുടുംബങ്ങളാണ് വാഴക്കൃഷിയിലൂടെ ഉപജീവനം നടത്തുന്നത്.

കാട്ടാനകൾ കൃഷിയിടത്തിലേക്കെത്തുന്നത് തടയാൻ വനം വകുപ്പ്‌ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. കാട്ടാനകളുൾപ്പെടെ നശിപ്പിക്കുന്ന കാർഷികവിളകൾക്ക് നഷ്ടപരിഹാരം നൽകുന്നതിലും വലിയ കാലതാമസമാണ് വരുത്തുന്നതെന്നും ആക്ഷേപമുണ്ട്.

വാളാംതോട്ടിൽനിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചുവേണം എരഞ്ഞിമങ്ങാടുള്ള വനം വകുപ്പ് ഓഫീസിലെത്തി കർഷകർ കൃഷിനാശം സംബന്ധിച്ചുള്ള വിവരം നൽകേണ്ടത്.

ബാങ്കുകളിൽനിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽനിന്നും പലിശയ്ക്ക് പണമെടുത്താണ് ഭൂരിപക്ഷം കർഷകരും വാഴക്കൃഷി ചെയ്യുന്നത്.