മമ്പാട് : എടവണ്ണ റേഞ്ചിനു കീഴിൽ കാട്ടുതീ പടർന്ന് ഏക്കർ കണക്കിന് വനം കത്തിയമരുന്നു. നാലു ദിവസമായി തുടരുന്ന തീ കൂടുതൽ മേഖലകളിലേക്ക് കടന്നു. കൊടുമ്പുഴ സ്റ്റേഷൻ പരിധിയിലെ ഓടക്കയം ഭാഗത്തുനിന്നാണ് തീ മറ്റിടങ്ങളിലേക്ക് പടർന്നതെന്നും വനപാലകരും സന്നദ്ധപ്രവർത്തകരും അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമായെന്നും മമ്പാട് പഞ്ചായത്തംഗവും ആദിവാസി ക്ഷേമസമിതി ഭാരവാഹിയുമായ എം.ആർ. സുബ്രഹ്മണ്യൻ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച മുതൽ എടക്കോട് സ്‌റ്റേഷൻ പരിധിയിൽ ഒലിമലക്കടുത്ത് വള്ളിയാട് മലയിലും തമ്പുരാട്ടിമലയിലും തീ പടർന്നിട്ടുണ്ട്.

കാട്ടുതീ കൂടുതൽ മേഖലകളിലേക്ക് പടരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കൂടുതൽ ജീവനക്കാർ സന്നദ്ധ സേവകരുടെ സഹായത്തോടെ ഇതിനു ശ്രമങ്ങൾ നടത്തണമെന്നാണ് ആവശ്യം.