വണ്ടൂർ : ജീവിക്കാൻവേണ്ടി വിവിധ കൃഷിമേഖലയിൽ സജീവമാകുമ്പോഴും സമൂഹത്തിലെ അവശവിഭാഗത്തെ ചേർത്തുപിടിക്കാൻ അബു മറക്കാറില്ല. പത്തിരിയാലിലെ കരിങ്ങൻപാറ അബുവെന്ന യുവകർഷകനാണ് കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽനിന്ന് ജീവിതവഴിയിൽ കാലിടറിയവർക്ക് സാന്ത്വനമാകുന്നത്.

നെല്ല്, വാഴ, പച്ചക്കറികൾ, കോഴി, താറാവ്, ആട് തുടങ്ങി പത്തുതരം കൃഷിയാണ് അബുവിനുള്ളത്. ഇതിൽ എല്ലാ കൃഷിയുടേയും ആദ്യ വിളവെടുപ്പിന്റെ ആദ്യ പങ്ക് തിരുവാലി പെയിൻ ആൻഡ് പാലിയേറ്റീവിനുള്ളതാണ്.

പാട്ടകൃഷിയിലൂടെ അത്യധ്വാനം ചെയ്താണ് കാർഷിക മേഖലയിൽ പിടിച്ചുനിൽക്കുന്നതെങ്കിലും ഈ പങ്കു വെക്കലാണ് തന്റെ മനസ്സിനു സംതൃപ്തി നല്കുന്നതെന്നാണ് അബു പറയുന്നത്.കഴിഞ്ഞദിവസം പത്തിരിയാലിലെ കരിങ്കൽക്വാറിയിൽ നടത്തിയ മത്സ്യക്കൃഷി വിളവെടുപ്പിന്റെ വിഹിതം പാലിയേറ്റീവ് ക്ലിനിക്കിനുവേണ്ടി പൊതുപ്രവർത്തകൻ ഷാജഹാൻ പത്തിരിയാലിൽനിന്നും പത്തിരിയാൽ ജുമാമസ്ജിദ് ഖാസി ഏറ്റു വാങ്ങി. സി.പി. റഷീദ്, പ്രവീൽ എന്നിവർ പങ്കെടുത്തു.