തിരൂർ : മണ്ഡലത്തിൽ ജയപരാജയ സാധ്യതകൾ കൂട്ടിയും കിഴിച്ചും കഴിയുകയാണ് മുന്നണികൾ. ഓരോ ബൂത്തിൽനിന്നും അവരവരുടെ സ്ഥാനാർഥിക്ക് ലഭിക്കാൻ സാധ്യതയുള്ള പോൾചെയ്ത വോട്ടുകളും, വോട്ടുചെയ്യാൻ വരാത്തവരുടെ കണക്കും, എതിർസ്ഥാനാർഥികൾക്ക് ലഭിക്കാവുന്ന വോട്ടുകളുമാണ് കണക്കുകൂട്ടുന്നത്.

ഇക്കുറി പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളുടെ നെഞ്ചിടിപ്പുകൂട്ടിയിട്ടുണ്ട്.

പോൾ ചെയ്യാത്ത വോട്ടുകൾ ആർക്കുലഭിക്കേണ്ടതായിരുന്നു എന്നതാണ് അന്വേഷണം. തിരൂരിൽ 2011-ൽ 75.98 ശതമാനവും 2016-ൽ 76.36 ശതമാനവും വോട്ടുരേഖപ്പെടുത്തിയെങ്കിൽ 2021-ൽ 73. 23 ശതമാനമായി പോളിങ് കുറഞ്ഞു.

തിരഞ്ഞെടുപ്പ് ചുമതലയുള്ള പാർട്ടി പ്രവർത്തകർ ബുധനാഴ്ച യോഗം ചേർന്ന് ജയപരാജയങ്ങൾ ചർച്ച ചെയ്തു. തിരുവനന്തപുരം സ്വദേശിയും മുൻ വൈസ്ചാൻസലറുമായ ഡോ.എം.അബ്ദുൾ സലാം വോട്ടെടുപ്പ് കഴിഞ്ഞ് ബുധനാഴ്ച രാത്രിയോടെ നാട്ടിലേക്ക് മടങ്ങി. തനിക്ക് ശുഭ പ്രതീക്ഷയുണ്ടെന്ന് ഡോ.അബ്ദുൾ സലാം പറഞ്ഞു.

വിജയം സുനിശ്ചിതമാണെന്നും തിരൂരിലെ ജനങ്ങൾ മാറ്റമാഗ്രഹിച്ചുവെന്നും എൽ.ഡി.എഫ്. സ്ഥാനാർഥി ഗഫൂർ പി.ലില്ലീസ് പറഞ്ഞു. തിരൂരിലെ ജനങ്ങൾ യു.ഡി.എഫിനൊപ്പമാണെന്നും വിജയമുറപ്പാണെന്നും യു.ഡി.എഫ്. സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ വ്യക്തമാക്കി.

യുവതീയുവാക്കളുടെ വോട്ടുകളും വെൽഫയർപാർട്ടി, എൻ.എസ്.എസ്. വോട്ടുകളും തിരൂരിലെ വിജയസാധ്യതയിൽ വ്യക്തമായ സ്വാധീനം ചെലുത്തും.

2,29,458 വോട്ടർമാരാണ് തിരൂരിലുള്ളത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. 73,432 വോട്ടും എൽ.ഡി.എഫ്. 66,371 വോട്ടും ബി.ജെ.പി. 9,083 വോട്ടും നേടി. 7,061 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ്. സ്ഥാനാർഥി സി. മമ്മൂട്ടി അന്ന് വിജയിച്ചത്.