അരീക്കോട് : വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ഏറനാട് മണ്ഡലത്തിലെ യു.ഡി.എഫ്, എൽ.ഡി.എഫ്. സ്ഥാനാർഥികൾ വിജയപ്രതീക്ഷ പ്രകടിപ്പിക്കുമ്പോൾ എൻ.ഡി.എ. സ്ഥാനാർഥിയുടെ പ്രതീക്ഷ മുൻകാലങ്ങളെ അപേക്ഷിച്ച് വോട്ട് വിഹിതത്തിലുണ്ടാകുന്ന വർധനവിലാണ്.

യു.ഡി.എഫ്. സ്ഥാനാർഥി പി.കെ. ബഷീർ ബുധനാഴ്ച അധികസമയവും ചെലവഴിച്ചത് കുടുംബത്തോടൊപ്പമാണ്.

തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നതിനാൽ അടുത്ത ബന്ധുക്കളെയോ വിദേശത്തുനിന്ന് വോട്ടുചെയ്യാനെത്തിയ മകളെയെ അടുത്തുകാണാൻ അവസരം ലഭിച്ചിരുന്നില്ല. ബൂത്ത് തലത്തിലുള്ള തിരഞ്ഞെടുപ്പ് അവലോകനം വ്യാഴാഴ്ചയേ നടക്കുകയുള്ളൂ.

മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തിലുണ്ടായ കുറവിന് ഒരു പ്രധാന കാരണം കോവിഡ് ഭീതിയാണെന്ന കണക്കുകൂട്ടലുമുണ്ട്.

ഏറനാടിന്റെ ചരിത്രത്തിൽ കോൺഗ്രസും ലീഗും ഇത്ര ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട കാലം ഇതിനുമുമ്പുണ്ടായിട്ടില്ലെന്നും പത്തുവർഷത്തെ വികസനപ്രവർത്തനങ്ങളടക്കമുള്ള വിവിധ കാരണങ്ങളാൽ തന്റെ ഭൂരിപക്ഷം വർധിക്കുമെന്നതിൽ സംശയമില്ലെന്നും ബഷീർ കൂട്ടിച്ചേർത്തു.

ഇടതുമുന്നണി സ്ഥാനാർഥി കെ.ടി. അബ്ദുറഹിമാൻ തന്നെ സഹായിച്ച പ്രമുഖ വ്യക്തികളെ നേരിൽക്കണ്ട് നന്ദി അറിയിച്ചശേഷം മലപ്പുറത്ത് സി.പി.എം, സി.പി.ഐ. ജില്ലാ ഓഫീസുകളിലെത്തി നേതാക്കളെ സന്ദർശിച്ചു. ഇതിനുശേഷം തിരഞ്ഞെടുപ്പ് വിലയിരുത്തലും നടത്തി.

ഇടതുമുന്നണിക്ക് ലഭിക്കേണ്ട മുഴുവൻ വോട്ടുകളും പോൾചെയ്തിട്ടുണ്ട്. ഇത്തരം വിവിധ ഘടകങ്ങൾ പരിശോധിച്ചപ്പോൾ വിജയം ഇപ്രാവശ്യം തന്റെ കൂടെയാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് അബ്ദുറഹിമാൻ.

ഹൈക്കോടതി വക്കീലായ എൻ.ഡി.എ. സ്ഥാനാർഥി അഡ്വ. സി. ദിനേശ് രാവിലെ ഓൺലൈനായി കോടതി നടപടിയിൽ പങ്കെടുത്തു.

കിട്ടിയ ഇടവേളയിൽ സഹായിച്ചവരെ ബന്ധപ്പെട്ട് നന്ദി അറിയിച്ചശേഷം എറണാകുളത്തേക്കു പോയി.

കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളും ന്യൂനപക്ഷവിഭാഗം പാർട്ടിയോട് അടുത്തതും അടക്കമുള്ള നിരവധി ഘടകങ്ങൾ അനുകൂല സാഹചര്യമുണ്ടാക്കുമെന്ന് അഡ്വ. ദിനേശ് പറഞ്ഞു.