മഞ്ചേരി : അനിശ്ചിതത്വങ്ങൾ മാറിയതോടെ മഞ്ചേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം സമൂഹമാധ്യമങ്ങളിൽനിന്ന്‌ കളത്തിലേക്കിറങ്ങി. രണ്ടുമുന്നണികളും ബി.ജെ.പി.യും ഭൂരിഭാഗം സ്ഥാനാർഥികളെയും ഉറപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അടുത്തദിവസങ്ങളിൽ ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കും. മത്സരരംഗത്തുള്ള ഭൂരിഭാഗം പേരും വീടുകയറിയുള്ള വോട്ടുതേടൽ തുടങ്ങി. ഫലത്തെ സ്വാധീനിക്കാനാവുന്ന കുടുംബങ്ങളിലെ കാരണവൻമാരെ സന്ദർശിച്ചാണ് പലരും വോട്ടുതേടൽ തുടങ്ങിയത്. സ്ഥാനാർഥിക്കുപ്പായം കിട്ടാത്ത അസംതൃപ്തരെ സമാശ്വസിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അധ്യക്ഷസ്ഥാനം ഇത്തവണയും വനിതാസംവരണമാണെന്ന് അറിഞ്ഞതോടെ നേരത്തെ സീറ്റിനായി വാദിച്ച മുതിർന്ന നേതാക്കൾ പിൻമാറ്റം തുടങ്ങി.

സ്ഥാനാർഥിനിർണയം അവസാനഘട്ടത്തിലെത്തി യു.ഡി.എഫ്.

യു.ഡി.എഫിൽ മുസ്‌ലിംലീഗ് 34-ഉം കോൺഗ്രസ് 16-ഉം സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതിൽ സ്വതന്ത്രസ്ഥാനാർഥികളും ഉൾപ്പെടും.

സീറ്റുവിഭജനകാര്യത്തിൽ എതിർപ്പുകളുണ്ടാവാതെ തീരുമാനമായി. മുസ്‌ലിംലീഗ് 23-വാർഡുകളിലെ സ്ഥാനാർഥികൾ പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്. വെള്ളാരങ്ങൽ, പുല്ലഞ്ചേരി, നെല്ലിക്കുത്ത് എൽ.പി, പിലാക്കൽ തുടങ്ങിയ വാർഡുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ വ്യക്തതവന്നിട്ടില്ല. കോൺഗ്രസും 10-ഓളം സീറ്റുകളിൽ സ്ഥാനാർഥികൾക്ക് പ്രചാരണത്തിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. എന്നാൽ അരുകിഴായ, ടൗൺ, തടത്തിക്കുഴി തുടങ്ങിയ വാർഡുകളിൽ സ്ഥാനാർഥിനിർണയം പൂർത്തിയായിട്ടില്ല. മുൻ കൗൺസിലർമാരും മത്സരിക്കാൻ താത്പര്യം അറിയിച്ചതോടെ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്.

രണ്ടുദിവസത്തിനകം തീരുമാനമാകുമെന്നാണ് നേതാക്കൾ പറയുന്നത്. നിലവിൽ മുസ്‌ലിംലീഗിന് 28-ഉം കോൺഗ്രസിന് ഏഴും കൗൺസിലർമാരാണുള്ളത്. കഴിഞ്ഞതവണത്തേക്കാൾ മികച്ചപ്രകടനം ഉറപ്പാണെന്നാണ് ഇരുപാർട്ടികളിലെയും നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

ഓൺലൈനിൽനിന്ന്‌ ഓഫ് ലൈനിലിറങ്ങി എൽ.ഡി.എഫ്.സമൂഹമാധ്യമങ്ങൾ വഴി മാസങ്ങൾക്ക് മുമ്പുതന്നെ സി.പി.എം. തിരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങിയിരുന്നു. കോളേജ്കുന്ന്, കിഴക്കേത്തല, കിഴക്കേക്കുന്ന്,പൊറ്റമ്മൽ,പയ്യനാട് തുടങ്ങിയ വാർഡുകളിലാണ് സ്ഥാനാർഥി നിർണയം പൂർത്തിയാകാനുള്ളത്.

ചെയർമാൻ സ്ഥാനം ജനറലാണെന്നതിനാൽ പരിചയസമ്പന്നരായ മൂന്നുനേതാക്കളെ മുൻനിർത്തി മത്സരത്തിനിറങ്ങാനാണ് സി.പി.എം. ശ്രമിച്ചത്. ജയസാധ്യതകൂടിയ വാർഡും ഇവർക്കായി പരിഗണിച്ചു.

എന്നാൽ വനിതാസംവരണമായതോടെ ഇതിലൊരാൾ മാത്രം മത്സരിക്കുമെന്നാണ് സൂചന. 38-സീറ്റുകളിലാണ് സി.പി.എം. മത്സരിക്കുന്നത്.

നാലുസീറ്റുകൾ വീതം സി.പി.ഐ.യും ഐ.എൻ.എല്ലും മത്സരിക്കും. സ്വതന്ത്രസ്ഥാനാർഥികളെയും പിന്തുണയ്ക്കുന്നുണ്ട്.

സീറ്റെണ്ണം കൂട്ടാനുള്ള ലക്ഷ്യത്തിൽ ബി.ജെ.പി.

കഴിഞ്ഞതവണ ഒരുസീറ്റുനേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. നീങ്ങുന്നത്. 20-25 സീറ്റുകളിൽ മികച്ച മത്സരം കാഴ്ചവെക്കാനാവുമെന്നാണ് നേതാക്കൾ പറയുന്നത്. മേലാക്കം, കരുവമ്പ്രം, അരുകിഴായ, ടൗൺ വാർഡുകളിലാണ് കൂടുതൽ ശ്രദ്ധ നലകുന്നത്.

പി.ഡി.പി. 15-വാർഡുകളിൽ മത്സരിക്കും

മഞ്ചേരി : നഗരസഭാ തിരഞ്ഞെടുപ്പിൽ പി.ഡി.പി. 15-വാർഡുകളിൽ മത്സരിക്കും. ചെരണി, നെല്ലിപ്പറമ്പ്, മേലാക്കം, തടത്തിക്കുഴി, കോഴിക്കാട്ടുകുന്ന്, പുന്നക്കുഴി, താണിപ്പാറ, അത്താണി, നെല്ലിക്കുത്ത് എൽ.പി, നെല്ലിക്കുത്ത് എച്ച്.എസ്, ചാലുകുളം, വേട്ടേക്കോട്, വട്ടപ്പാറ, പൊറ്റമ്മൽ, കരുവമ്പ്രം വാർഡുകളിലാണ് മത്സരിക്കുന്നത്.

സ്ഥാനാർഥികളെ ഞായറാഴ്ച പ്രഖ്യാപിക്കാൻ തീരുമാനിച്ചു. യോഗം ടി.പി. ജയകുമാർ ഉദ്ഘാടനംചെയ്തു. മാലിക് മഠത്തിൽ അധ്യക്ഷതവഹിച്ചു. മുജീബ് പിലാത്തോടൻ, സൽമാൻകുമ്മാളി, എൻ.കെ. സലീം തുടങ്ങിയവർ സംസാരിച്ചു.