മലപ്പുറം : ഭിന്നതകൾ മറന്ന്മുന്നണിയെ ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ യു.ഡി.എഫ്. ജില്ലാ നേതൃസംഗമം തീരുമാനിച്ചു.

ഇതിനായി വിജയസാധ്യത കൂടുതലുള്ള സ്ഥാനാർഥികളെ കണ്ടെത്തി മത്സരിപ്പിക്കും. അഴിമതിരഹിത-ഫാസിസ്റ്റ് വിരുദ്ധ പാർട്ടികളുമായി പ്രദേശികതലത്തിൽ നീക്കുപോക്കുമുണ്ടാക്കും.

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളതെന്ന് സംഗമം ഉദ്ഘാടനംചെയ്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കിട്ടിയ അവസരങ്ങളെല്ലാം അഴിമതിക്കായി ഉപയോഗപ്പെടുത്തിയ ഇടതുസർക്കാരിന് തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിൽ സി.പി.എമ്മിന്റെ സാമ്പാർ മുന്നണി പോലെയുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇത്തവണ വിലപ്പോകില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു.

അഴിമതിക്കാരും മാഫിയ തലവൻമാരുമാണ് കേരളം ഭരിക്കുന്നത്. ഇവരെ തുറന്നുകാട്ടി പ്രചാരണം ശക്തിപ്പെടുത്തിയാൽ യു.ഡി.എഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രമായി മാറിയതായി കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് എം.എൽ.എ. പറഞ്ഞു.

നാലരവർഷം കട്ടുമുടിച്ച സംസ്ഥാനസർക്കാരിനുള്ള കനത്ത തിരിച്ചടിനൽകാൻ തിരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഓർമിപ്പിച്ചു.

യു.ഡി.എഫ്. ജില്ലാചെയർമാൻ പി.ടി. അജയ് മോഹൻ അധ്യക്ഷതവഹിച്ചു.

ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി, എം.എം. ഹസ്സൻ, കെ.പി.എ. മജീദ്, തോമസ് ഉണ്ണിയാടൻ, വി.എ. കരീം, എം.എൽ.എമാരായ എ.പി. അനിൽകുമാർ, പി.കെ. ബഷീർ, മഞ്ഞളാംകുഴി അലി തുടങ്ങിയവർ പങ്കെടുത്തു.