മലപ്പുറം : താനാളൂർ മൂലക്കലിലെ ദയ ആശുപത്രി കോവിഡ് ആശുപത്രിയായി ഏറ്റെടുത്ത് നടത്തിപ്പിന് താനൂർ ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയതായി കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 2005-ലെ ദുരന്തനിവാരണ നിയമവും 2020-ലെ കേരള പകർച്ചവ്യാധിരോഗ നിയമപ്രകാരവുമാണ് നടപടി.

അഞ്ചുനിലകളിലായുള്ള ആശുപത്രിക്കെട്ടിടത്തിൽ രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ട്. 205 കിടക്കകളും 64 ഓക്സിജൻ കിടക്കകളും ഐ.സി.യുവും രണ്ടു വെന്റിലേറ്റർ സംവിധാനങ്ങളുമുണ്ട്. താങ്ങാവുന്നതിലധികമായി രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് ചികിത്സാ സൗകര്യങ്ങൾ അത്യാവശ്യമായി വന്നിരിക്കുകയാണെന്ന് കളക്ടർ പറഞ്ഞു. നിയുക്ത എം.എൽ.എ. വി. അബ്ദുറഹ്‌മാന്റെ ശ്രമഫലമായാണ് കോവിഡ് ആശുപത്രിയാക്കി ഉയർത്തിയത്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി അണുവിമുക്തമാക്കി. ബ്ലോക്ക് സെക്രട്ടറി കെ.വി.എ. ഖാദർ, പ്രസിഡന്റ് മനു വിശ്വനാഥ് എന്നിവർ നേതൃത്വംനൽകി.