ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനൊപ്പം ആക്ടീവ് കേസുകളുടെ എണ്ണവും പരിശോധിക്കും

കൂടുതൽ പ്രദേശങ്ങൾകൺടെയ്ൻമെന്റ് സോണായി

മലപ്പുറം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലും 200 ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലും 500-ൽ കൂടുതൽ ആക്ടീവ് കേസുകളുള്ളതുമായ നഗരസഭകളും ഇനി മുതൽ കൺടെയ്ൻമെന്റ് സോണാകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കുറവും മുന്നൂറിലധികം ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകൾക്കും ഇത് ബാധകമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലും ഇരുനൂറിൽ കുറവ് കോവിഡ് രോഗികളുമുള്ള പ്രദേശങ്ങളും വാർഡ് തലത്തിൽ കൺടെയ്ൻമെന്റ് സോണാകും.

500-ൽ കൂടുതൽ കോവിഡ് രോഗികളുള്ളതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ താഴെയും മറിച്ചുമായ നഗരസഭകളും ഡിവിഷൻ തലത്തിൽ കൺടെയ്ൻമെന്റ് സോണിൽ ഉൾപ്പെടും. കൺടെയ്ൻമെന്റ് സോണിൽനിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിക്കും. മെഡിക്കൽ, വിവാഹം, മരണം, മറ്റ് അവശ്യകാര്യങ്ങൾക്ക് അല്ലാതെയുള്ള യാത്രകൾ കർശനമായി നിരോധിച്ചിട്ടുണ്ട്. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ യാതൊരു കാരണവശാലും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പാടില്ലെന്നും മുൻകരുതൽ നിർദേശം ലംഘിച്ചാൽ കർശനനടപടി സ്വീകരിക്കുമെന്നും കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

കൺടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങൾ

വേങ്ങര, തേഞ്ഞിപ്പലം, മൂന്നിയൂർ, വള്ളിക്കുന്ന്, അങ്ങാടിപ്പുറം, എടപ്പാൾ പഞ്ചായത്തുകളിലും പൊന്നാനി, കൊണ്ടോട്ടി, പരപ്പനങ്ങാടി, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ നഗരസഭകളിലും ആക്ടീവ് കേസുകളുടെ എണ്ണം അഞ്ഞൂറിനു മുകളിലാണ്. പെരുവള്ളൂർ, കണ്ണമംഗലം, കാളികാവ്, പോരൂർ, വണ്ടൂർ, തവനൂർ, വാഴക്കാട്, മൊറയൂർ, അബ്ദുറഹ്‌മാൻ നഗർ, കുറ്റിപ്പുറം, മാറഞ്ചേരി, കരുവാരക്കുണ്ട്, പുളിക്കൽ, മാറാക്കര, മങ്കട, എടവണ്ണ, ഇരിമ്പിളിയം, വട്ടംകുളം, പള്ളിക്കൽ, മാറഞ്ചേരി പഞ്ചായത്തുകളിലും വളാഞ്ചേരി, തിരൂരങ്ങാടി, താനൂർ, കോട്ടയ്ക്കൽ, തിരൂർ, നിലമ്പൂർ നഗരസഭകളിലും മൂന്നൂറിനു മുകളിലാണ് കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം.

എടരിക്കോട്, വാഴയൂർ, വളവന്നൂർ, ഊർങ്ങാട്ടിരി, വഴിക്കടവ്, പറപ്പൂർ, ചേലേമ്പ്ര, ചെറുകാവ്, പുറത്തൂർ, പുഴക്കാട്ടിരി, കോഡൂർ, പൂക്കോട്ടൂർ, ഒതുക്കുങ്ങൽ, തിരുനാവായ, ആതവനാട്, മൂർക്കനാട്, നന്നമ്പ്ര, കാലടി, തൃപ്രങ്ങോട്, തൃക്കലങ്ങോട്, കാവനൂർ, കൂട്ടിലങ്ങാടി, അരീക്കോട്, പാണ്ടിക്കാട്, എടയൂർ, പൊന്മള, ചീക്കോട്് പഞ്ചായത്തുകളിൽ 200-ൽ അധികം കോവിഡ് പോസിറ്റീവ് രോഗികളുണ്ട്. ഈ ഭാഗങ്ങളെല്ലാം പുതിയ മാനദണ്ഡപ്രകാരമുള്ള കൺടെയ്ൻമെന്റ് സോണിൽ ഉൾപ്പെടും.