പുളിക്കൽ : കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ ചെറുകാവ് ഗ്രാമപ്പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി കർമ്മ പരിപാടികൾക്ക് രൂപം നൽകി. നിലവിൽ പഞ്ചായത്തിൽ 435 പേർ കോവിഡ് ബാധിതരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

പ്രതിദിനനിരക്ക് വർധിച്ചുവരുന്നതായും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഊർജ്ജിത കർമപരിപാടികൾ ആവിഷ്കരിച്ചുനടപ്പാക്കുകയാണ് ഗ്രാമപ്പഞ്ചായത്ത്. കോവിഡ് പോസിറ്റീവായ ആളുകൾക്ക് സ്വന്തം വീടുകളിൽ താമസസൗകര്യം ഇല്ലെങ്കിൽ അവരെ പ്രത്യേക നിരീക്ഷണകേന്ദ്രത്തിൽ താമസിപ്പിക്കും. ഇതിനായി പഞ്ചായത്ത് ബഡ്സ് സ്കൂളിലും, പകൽവീടിലും ഡൊമിസിലിയറി കോവിഡ് കെയർ കേന്ദ്രം സജ്ജമാക്കി.

പൊതുജനങ്ങൾക്ക് മതിയായ സഹായങ്ങൾ നൽകുന്നതിനായി സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി പഞ്ചായത്ത് കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക് വെള്ളിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ആർ.ആർ.ടി, ദ്രുതകർമസേന, സന്നദ്ധപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സഹായസേന രൂപവത്കരിച്ചു. സഹായസേനയുടെ സേവനം ആവശ്യമുള്ളവർക്ക് പഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടാം. കോവിഡ് പരിശോധനയ്ക്കുപോകുന്നതിനും രോഗികൾക്ക്‌ ആശുപത്രികളിൽ ചികിത്സതേടുന്നതിനുമായി സൗജന്യ വാഹനസൗകര്യം പഞ്ചായത്തിൽനിന്ന് ലഭ്യമാക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വാർ റൂം പ്രവർത്തനം ആരംഭിച്ചു.

ഓരോ മേഖലകളിലും വാർഡ് അംഗങ്ങൾക്ക് പ്രത്യേക ചുമതല നൽകിയതായും ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. അബ്ദുള്ളക്കോയയും വൈസ് പ്രസിഡന്റ്‌ സുജാത കളത്തിങ്ങലും പറഞ്ഞു.