ചേലേമ്പ്ര : കോവിഡ് പ്രതിരോധപ്രവർത്തനവുമായി ബന്ധപ്പെട്ട് ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിനതിരേ സി.പി.എം. നടത്തുന്നത് കുപ്രചാരണങ്ങളാണെന്നും ഇവ രാഷ്ട്രീയപ്രേരിതമാണെന്നും പ്രസിഡന്റ് എ.പി. ജമീല പറഞ്ഞു.

പഞ്ചായത്തിൽ ഭരണം ഏറ്റെടുത്തതുമുതൽ കോവിഡ് വ്യാപനത്തിനെതിരേ ശക്തമായ പ്രതിരോധപ്രവർത്തനമാണ് നടത്തിവരുന്നത്.

ആർ.ആർ.ടി. ടീമും ആരോഗ്യപ്രവർത്തകരും തികഞ്ഞ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. നിരവധിപേർക്ക് കോവിഡ് പ്രതിരോധവാക്സിൻ നൽകി. വാക്സിന്റെ ലഭ്യതക്കുറവു കൊണ്ടാണ് ഇപ്പോൾ കുത്തിവെപ്പ്‌ താത്കാലികമായി മുടങ്ങിയത്. കഴിഞ്ഞ അഞ്ചുവർഷം പഞ്ചായത്ത് ഭരിച്ച സി.പി.എമ്മിന് ആരോഗ്യമേഖലയിൽ ഉൾപ്പെടെ ഭരണരംഗത്തുണ്ടായ തികഞ്ഞ അലംഭാവം കൊണ്ടാണ് ഭരണം നഷ്ടമായത്. ഇതിലുള്ള ജാള്യംമറയ്ക്കാനാണ് സി.പി.എം. നേതൃത്വം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ വിലകുറഞ്ഞ രാഷ്ട്രീയ പകപോക്കലുമായി രംഗത്തെത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് എന്നിവർ പറഞ്ഞു.