കൊണ്ടോട്ടി : ഹജ്ജ്ഹൗസിൽ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം നടപ്പാക്കാൻ സർക്കാർ തലത്തിൽ ആലോചനയുള്ളതായി ടി.വി. ഇബ്രാഹിം അറിയിച്ചു. സംവിധാനം നടപ്പാക്കാൻ 15 ദിവസമെടുക്കും. കേന്ദ്രീകൃത വിതരണമൊരുക്കിയാൽ 200 രോഗികൾക്ക് ഒരേസമയം ഓക്‌സിജൻ നൽകാൻ കഴിയും.

ഓക്‌സിജൻ സിലിൻഡർ ചലഞ്ചുമായി ബന്ധപ്പെട്ട് എം.എൽ.എ. ഭീതി പരത്തുകയാണെന്ന ആരോപണം ശരിയല്ല.

മഹാമാരിക്കെതിരേ സർവസജ്ജമായി നിൽക്കുകയെന്നത് മുൻനിർത്തിയാണ് ചലഞ്ച് പ്രഖ്യാപിച്ചത്. ഹജ്ജ് ഹൗസിൽ 250 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും രോഗികളെ കൊണ്ടുവരാത്തത് കൂടുതൽ പേർക്ക് ഒരേസമയം ഓക്‌സിജൻ നൽകാനുള്ള സജ്ജീകരണമില്ലാത്തതിനാലാണ്. നിലവിൽ എട്ടു പേർക്ക് പൂർണമായും ആറുപേർക്ക് ഭാഗികമായും ഓക്‌സിജൻ നൽകുന്നുണ്ട്.

ഓക്‌സിജൻ സിലിൻഡർ ചലഞ്ചിനോട് ഇതിനകം നൂറിൽപ്പരം ആളുകൾ സഹകരണം വാഗ്ദാനംചെയ്തിട്ടുണ്ട്.

എന്നാൽ പൊതുവിപണിയിൽ സിലിൻഡർ ലഭ്യമല്ലാത്തതിനാൽ സഹായധനം സ്വീകരിക്കുന്നില്ല. സിലിൻഡർ പൊതുവിപണിയിൽ ലഭ്യമാകുന്നതുവരെ പണം അയക്കേണ്ടതില്ലെന്ന് ടി.വി. ഇബ്രാഹിം അറിയിച്ചു.

ഭയപ്പെടുത്തി രാഷ്ട്രീയം കളിക്കരുതെന്ന് എൽ.ഡി.എഫ്.

ഹജ്ജ് ഹൗസിൽ പ്രവർത്തനം തുടങ്ങിയ കോവിഡ് ചികിത്സാകേന്ദ്രത്തിനുവേണ്ടി ഓക്‌സിജൻ സിലിൻഡർ ചലഞ്ചുമായി രംഗത്തെത്തിയ എം.എൽ.എ.യും നഗരസഭയും ജനങ്ങളെ ഭയപ്പെടുത്തി രാഷ്ട്രീയം കളിക്കുകയാണെന്ന് എൽ.ഡി.എഫ്. മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു. ഹജ്ജ്ഹൗസിലെ രോഗികൾക്ക് മതിയായ സിലിൻഡർ സ്ഥലത്തുണ്ട്. വിഷയത്തിൽ സംസ്ഥാനസർക്കാർ വളരെ ജാഗ്രതയോടെയും കാര്യക്ഷമമായും പ്രവർത്തിക്കുന്നുണ്ട്. നഗരസഭാധ്യക്ഷയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ എം.എൽ.എ. ആവശ്യപ്പെടുന്നുണ്ടെങ്കിലും അത്തരമൊരു തീരുമാനവും നഗരസഭാകൗൺസിൽ എടുത്തിട്ടില്ല.

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന നൽകാൻ പാടില്ലെന്ന് രാഷ്ട്രീയ നിലപാട് എടുക്കുന്ന എം.എൽ.എ. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയക്കളിയുമായി ഇറങ്ങുന്നത് സ്ഥാനത്തിന് യോജിക്കുന്നതല്ല.

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും കോവിഡ് പ്രതിരോധത്തിന് മതിയായ ക്വാറന്റീൻ സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭയ്ക്ക് ആയിട്ടില്ലെന്ന് എൽ.ഡി.എഫ്. ആരോപിച്ചു.