കൊല്ലം : വനംവകുപ്പിനു കീഴിലെ ചെക്ക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥർ ജോലിസമയത്ത് കൈവശംവെക്കാവുന്ന തുക 3,000 രൂപയായി നിജപ്പെടുത്തി.

എല്ലാ ചെക്ക്പോസ്റ്റുകളിലും പേഴ്‌സണൽ കാഷ് ഡിക്ലറേഷൻ രജിസ്റ്ററും ഇൻസ്പെക്‌ഷൻ റിമാർക്ക് ബുക്കും സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ഉത്തരവുനൽകിയത്.

അടുത്തിടെ വനംവകുപ്പ് ചെക്ക്‌പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയെത്തുടർന്ന് സർക്കാർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജീവനക്കാർ ജോലിക്കെത്തുമ്പോൾ പേഴ്‌സണൽ കാഷ് രജിസ്റ്ററിൽ അവരവരുടെ കൈവശമുള്ള തുകയുടെ വിവരം എഴുതേണ്ടതാണ്.

ഏതൊക്കെ നോട്ടുകളുണ്ട്, ഓരോ നോട്ടിന്റെയും നമ്പറിന്റെ അവസാന മൂന്നക്കങ്ങൾ എന്നിവ രേഖപ്പെടുത്തണം.

3,000 രൂപയിൽ കൂടുതൽ കൈവശംവെക്കുന്ന സാഹചര്യമുണ്ടായാൽ അതിന്റെ കാരണവും രേഖപ്പെടുത്തണം. ഈ രജിസ്റ്റർ മാസത്തിൽ രണ്ടുതവണയെങ്കിലും റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.