വളാഞ്ചേരി : കോവിഡ്‌വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചതിനാൽ വളാഞ്ചേരിയിൽ ചൊവ്വാഴ്ച മുതൽ ടാക്സി, പൊതുഗതാഗതം എന്നിവയ്ക്ക് കർശന വിലക്കേർപ്പെടുത്തി പോലീസ്. ചൊവ്വാഴ്ച മുതൽ ഞായറാഴ്ചവരെയാണ് നിയന്ത്രണങ്ങളുള്ളത്.

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുത്. പഴം, പച്ചക്കറി, പലചരക്ക്, ഇറച്ചി, മീൻ എന്നിവ വിൽക്കുന്ന കടകളും മെഡിക്കൽഷോപ്പുകളും മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാർസലുകൾ മാത്രമേ അനുവദിക്കൂ. ഇത്തരം കടകളിൽ സാമൂഹിക അകലം പാലിക്കേണ്ടതും സാനിറ്റൈസർ സൗകര്യം ഒരുക്കേണ്ടതുമാണ്. ആരാധനാലയങ്ങളിൽ വലിപ്പത്തിനനുസരിച്ച് പരമാവധി അമ്പതുപേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഒരിടത്തും അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരരുത്. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.എം. ഷമീർ അറിയിച്ചു.