ഒതുക്കുങ്ങൽ : പുത്തൂർ പാറക്കോരി വളവിൽ ഓട്ടോറിക്ഷയിൽ‌നിന്ന് പെയിന്റ് ബക്കറ്റ് റോഡിൽ വീണു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് സംഭവം.

പെയിന്റ് റോഡിൽ പരന്നതോടെ ഇരുചക്രവാഹനങ്ങൾ തെന്നിവീഴാൻ തുടങ്ങി. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. മലപ്പുറത്തുനിന്നു അഗ്നിരക്ഷാസേനയെത്തി റോഡ് കഴുകിയാണ് പ്രശ്നം പരിഹരിച്ചത്.

ജീവനക്കാരായ ശരത്, വിജീഷ്, ഉമ്മർ, സുബ്രഹ്മണ്യൻ, ബൈജു എന്നിവർ നേതൃത്വം നൽകി. മുൻപും ഓയിൽ പരന്നൊഴുകി പാറക്കോരി വളവിൽ ഇത്തരത്തിലുള്ള അപകടങ്ങളുണ്ടായിട്ടുണ്ട്. റോഡിന്റെ ഘടനാപരമായ തകരാർ പാറക്കോരി വളവിനെ അപകടമേഖലയായി മാറ്റുകയാണ്.