പൊന്നാനി നഗരസഭയിൽ 9000-ലേറെ വോട്ടിന്റെ ഭൂരിപക്ഷം

പൊന്നാനി : മണ്ഡലത്തിൽ വിജയത്തിലൂടെ പ്രകടമായത് ഇടതുമുന്നണിയുടെ വ്യക്തമായ ആധിപത്യം. ജില്ലയിലെ സി.പി.എമ്മിന് അഭിമാനിക്കാൻ വകനൽകിയ പൊന്നാനിയിലെ വിജയം എല്ലായിടത്തും വ്യക്തമായ ഭൂരിപക്ഷംനേടിക്കൊണ്ടായിരുന്നു. ജില്ലയിൽ ഇടതിന് ഭൂരിപക്ഷം ഉയർത്താനായത് പൊന്നാനിയിൽ മാത്രമാണ്. 17043 വോട്ടുകൾക്കാണ് പി. നന്ദകുമാർ ജയിച്ചത്. പോൾചെയ്ത 145590 വോട്ടുകളിൽ 74668 വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചപ്പോൾ 57625 വോട്ടുകളാണ് യു.ഡി.എഫിന് നേടാനായത്.

പൊന്നാനി നഗരസഭയും മാറഞ്ചേരി, ആലങ്കോട്, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിൽ എവിടെയും യു.ഡി.എഫിന് മേൽക്കൈ നേടാനായില്ല. തീരദേശമുൾപ്പെടെ എല്ലായിടത്തും വ്യക്തമായ ആധിപത്യം ഉറപ്പിച്ചായിരുന്നു പി. നന്ദകുമാറിന്റെ മുന്നേറ്റം. കഴിഞ്ഞതവണ പി. ശ്രീരാമകൃഷ്ണൻ നേടിയ 15640 വോട്ടിന്റെ ഭൂരിപക്ഷമാണ് നന്ദകുമാർ മറികടന്നത്.

ഏതാനും ബൂത്തുകളിൽ മുന്നിട്ടുനിന്നതല്ലാതെ ഒരിടത്തും കാര്യമായ ആധിപത്യം സ്ഥാപിക്കാൻ യു.ഡി.എഫിനായില്ലെന്നാണ് കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. മണ്ഡലത്തിൽ യു.ഡി.എഫ്. ഭരണമുള്ള ഏക പഞ്ചായത്തായ വെളിയങ്കോടും മുന്നേറ്റമുണ്ടാക്കാൻ അവർക്കായില്ല.

പൊന്നാനി നഗരസഭയിൽമാത്രം 9365 വോട്ടിന്റെ ലീഡാണ് എൽ.ഡി.എഫ്. നേടിയത്. 7000-വോട്ടുകളുടെ ലീഡാണ് സി.പി.എം. പ്രതീക്ഷിച്ചിരുന്നത്. തീരദേശ മേഖലയായ നഗരം ലോക്കൽകമ്മിറ്റിയിൽ ഉൾപ്പെടുന്ന ബൂത്തുകളിൽ 4112 വോട്ടിന്റെ ലീഡാണ് നന്ദകുമാറിന് ലഭിച്ചത്. മാറഞ്ചേരി പഞ്ചായത്തിൽ 1500- ലേറേ ലീഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും 1114 വോട്ടുകളാണ് ഇവിടെനിന്ന് അധികമായി ലഭിച്ചത്.

യു.ഡി.എഫിന് സ്വാധീനമുള്ള മേഖലകൾ ഉൾപ്പെടുന്ന ആലങ്കോട് പഞ്ചായത്തിലും എൽ.ഡി.എഫിനായിരുന്നു മേൽക്കൈ. പി. നന്ദകുമാറിന്റെ ബൂത്ത് ഉൾപ്പെടുന്ന ഇവിടെനിന്ന് 949 വോട്ടിന്റെ ലീഡാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. നന്നംമുക്ക് പഞ്ചായത്തിൽ 962 വോട്ടിന്റെ ലീഡ് പി. നന്ദകുമാർ നേടി. എൽ.ഡി.എഫിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിച്ച വെളിയങ്കോടും എൽ.ഡി.എഫിനൊപ്പം നിൽക്കുന്നതാണ് കണ്ടത്. പഞ്ചായത്ത് ഭരണവും യു.ഡി.എഫിന് ആത്മവിശ്വാസം നൽകിയിരുന്നു. എന്നാൽ, വെളിയങ്കോട്ടുനിന്ന് എൽ.ഡി.എഫിന് ലഭിച്ചത് 2428 വോട്ടിന്റെ ലീഡാണ്. പെരുമ്പടപ്പ് പഞ്ചായത്തിലും 1819 വോട്ടിന്റെ ലീഡ് നേടാൻ എൽ.ഡി.എഫിനായി.

തവനൂരിൽ യു.ഡി.എഫിന് കൂടിയത് 16,689 വോട്ട്; എൽ.ഡി.എഫിന് 2279

എടപ്പാൾ : തവനൂർ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിനുണ്ടായത് വലിയ വോട്ടുവർധന. എൽ.ഡി.എഫിന് നാമമാത്രമായ വർധനയും എൻ.ഡി.എ, എസ്.ഡി.പി.ഐ. എന്നിവർക്ക് വോട്ട് നഷ്ടവുമുണ്ടായപ്പോൾ യു.ഡി.എഫിനുണ്ടായ വോട്ടുവർധന നേതാക്കൾക്കും പ്രവർത്തകർക്കും ആശ്വാസംപകരുന്നു.

2016-ൽ യു.ഡി.എഫിന് മണ്ഡലത്തിൽ ലഭിച്ചത് 51,115 വോട്ടായിരുന്നെങ്കിൽ ഇത്തവണ ലഭിച്ചത് 67,794 വോട്ടാണ് (44.77 ശതമാനം). 16,689 വോട്ടിന്റെ വർധനവുണ്ടായി. അതേസമയം എൽ.ഡി.എഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 68,179 വോട്ടും ഇത്തവണ 70358 വോട്ടുമാണ് ലഭിച്ചത് (46.46 ശതമാനം). വർധിച്ചത് 2279 വോട്ട്.

സ്ഥാനാർഥി നിർണയം വൈകിയെങ്കിലും പിന്നീട് യു.ഡി.എഫ്. നേതൃത്വംഒറ്റക്കെട്ടായി നടത്തിയ കഠിനപ്രചാരണത്താലാണ് ഇത്തരത്തിലൊരു മുന്നേറ്റമുണ്ടാക്കാൻ യു.ഡി.എഫിനു കഴിഞ്ഞതെന്നാണ് നേതാക്കളുടെ വാദം.