തിരൂർ : കോവിഡ് വ്യാപനം തടയാൻ ചൊവ്വാഴ്ച മുതൽ പോലീസ് തിരൂരിലും പരിസരപഞ്ചായത്തുകളിലും കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബു.

ക്വാറന്റീനിൽ കഴിയുന്നവരെ പോലീസ് നിരീക്ഷിക്കും. ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടാൻ ബൈക്കിൽ 24 മണിക്കൂർ പട്രോളിങ്‌ നടത്തും. അനാവശ്യമായി പുറത്തിറങ്ങിയാൽ പകർച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം കേസെടുക്കും. ജില്ലാ അതിർത്തിയടച്ച് പരിശോധന നടത്തും.

പാൽ, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, ഇറച്ചി, മീൻ എന്നിവ വിൽക്കുന്ന കടകളും മെഡിക്കൽഷോപ്പുകളും രാത്രി ഒമ്പതുവരെ തുറക്കാമെങ്കിലും ഇത്തരം കടകളിലെ ജീവനക്കാർ രണ്ടു മാസ്കുകളും െെകയുറകളും ധരിക്കണം. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണംകഴിക്കാൻ പാടില്ല. രാത്രി ഒമ്പതുവരെ പാഴ്സൽ നൽകാം. തിരൂർ ഫോറിൻ മാർക്കറ്റ് അടച്ചിടും. തുണിക്കടകളും സ്വർണക്കടകളും തുറക്കാൻ അനുവദിക്കില്ല. നിർമാണത്തൊഴിലാളികൾക്കും കാർഷികവൃത്തിയിലേർപ്പെടുന്നവർക്കും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജോലിചെയ്യാമെന്നും നിലവിൽ നിരോധനാജ്ഞയുള്ള പഞ്ചായത്തുകളിൽ അവശ്യസർവീസ് നൽകുന്ന കടകളിൽ അഞ്ചിൽ കൂടുതൽപേർ ഒരേസമയം വന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി. പറഞ്ഞു. ഒമ്പതുവരെയാണ് നിയന്ത്രണങ്ങൾ.