വാഴയൂർ : ചുട്ടുപൊള്ളുന്ന വേനലിൽ അടിക്കടിയെത്തുന്ന കാറ്റും മഴയും വാഴക്കർഷകരുടെ ഉള്ളം കലക്കുന്നു. മാസങ്ങളോളം നീണ്ട അധ്വാനത്തിന്റെ ഫലം നിമിഷങ്ങൾകൊണ്ടാണ് തകർന്നടിയുന്നത്. മഴയോടൊപ്പം ശക്തിയിൽ കാറ്റുവീശുന്നതാണ് കൃഷിനാശത്തിനിടയാക്കുന്നത്. മുൻവർഷങ്ങളിൽ ഒന്നോ രണ്ടോ വേനൽമഴയാണ് ആകെ ലഭിക്കുക. ഇത്തവണ ഇതിനകം മൂന്നുതവണ കാറ്റുംമഴയുമെത്തി.

കഴിഞ്ഞവർഷം വെള്ളപ്പൊക്കഭീഷണിമൂലം ഒരുമാസം വൈകിയാണ് കൃഷിയിറക്കിയത്. വിളവെടുപ്പ് ഒരുമാസം വൈകിയത് കർഷകർക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഒരോതവണയും കാറ്റും മഴയുമെത്തുമ്പോൾ നൂറുകണക്കിന് വാഴകളാണ് മേഖലയിൽ വീണു നശിക്കുന്നത്. പൊന്നേംപാടം, വടക്കുംപാടം, ചുങ്കപ്പള്ളി, പുഞ്ചപ്പാടം, തിരുത്തിയാട്, കാടേപ്പാടം തുടങ്ങിയ ഭാഗങ്ങളിലാണ് പഞ്ചായത്തിൽ വ്യാപക കൃഷിനാശമുണ്ടായത്. വാഴക്കൃഷി ഏറെയുള്ള വാഴയൂരിൽ വേനൽമഴമൂലം കൊടിയ നഷ്ടമാണുണ്ടാകുന്നത്. രണ്ടുദിവസം മുൻപെത്തിയ മഴയിൽ നൂറുകണക്കിനു വാഴകളാണ് ഒടിഞ്ഞുവീണത്. വീടുകളുടെ മുകളിലേക്ക് മരങ്ങൾ വീണും വൈദ്യുതിത്തൂണുകൾ നിലംപതിച്ചും വേറെയും നഷ്ടങ്ങളുണ്ടായി. മൂപ്പെത്താറായ വാഴകളാണ് വീണതിലധികവും. നന്നായി പരിപാലിച്ചു നാട്ടകൊടുത്ത വാഴകളാണു വീണത്.

വയൽ പാട്ടത്തിനെടുത്താണ് ഭൂരിപക്ഷംപേരും കൃഷിക്കിറങ്ങുന്നത്. മുൻവർഷങ്ങളിൽ ഏറ്റവും ലാഭകരവും സുരക്ഷിതവുമായിരുന്നു വാഴക്കൃഷി. കഴിഞ്ഞവർഷം കോവിഡിനെത്തുടർന്നുണ്ടായ പ്രതിസന്ധിമൂലം വാഴപ്പഴത്തിന് വിലയിടിഞ്ഞത് കർഷകർക്ക് കനത്ത പ്രഹരമായിരുന്നു. വിളവെടുപ്പ് അടുക്കാനിരിക്കെ നിലവിൽ പച്ചക്കായ കിലോയ്ക്ക് 45 രൂപവരെ വിലയുണ്ട്.