നിലമ്പൂർ : ഒരു വിനോദം എന്നനിലയിൽ ആരംഭിച്ച പുരാവസ്തുക്കളുടെ ശേഖരം റംഷീദിന് ജീവിതവഴിയിൽ താങ്ങായി. ‘കാഴ്ചയിലൂടെ കൈത്താങ്ങ്’ എന്നപേരിൽ നിലമ്പൂർ ചന്തക്കുന്ന് ജോയിന്റ് ആർ.ടി.ഒ. ഓഫീസിനു സമീപം 15 ദിവസമായി ചന്തക്കുന്ന് ചാരങ്കുളം പകുതിപ്പറമ്പിൽ റംഷീദ് തന്റെ ചികിത്സയ്ക്കായി പുരാവസ്തു പ്രദർശനം നടത്തിവരികയാണ്.

ഒൻപതാംവയസ്സിൽ ഇരുവൃക്കകളും തകരാറിലായ ഈ ഇരുപത്തേഴുകാരൻ ഒരു വൃക്ക മാറ്റിവെച്ച് ജീവിതത്തോട് പൊരുതുന്നു. അഞ്ചാംക്ലസിൽ പഠിക്കുമ്പോൾ ഒരു കൗതുകത്തിന് തുടങ്ങിയ നാണയശേഖരണം ഇന്ന് റംഷീദിന് ഉപജീവനമാർഗമായി.

കേരളത്തിലെ ഒട്ടനവധി ജില്ലകളിൽ പ്രദർശനം നടത്തിയിട്ടുണ്ട് റംഷീദ്. പഴയകാലത്തെ ടെലിഫോൺ, ആദ്യകാല മൊബൈൽഫോണുകൾ, ചാട്ടവാർ, ടി.വി, അലാവുദ്ദീന്റെ അദ്‌ഭുതവിളക്ക്, ആയിരക്കണക്കിനുരൂപയുടെ ഒറ്റനോട്ടുകൾ, 210 രാജ്യങ്ങളിലെ നാണയങ്ങൾ, നോട്ടുകൾ, സ്റ്റാമ്പുകൾ, ഷാജഹാൻ, ടിപ്പുസുൽത്താൻ, പഴശ്ശിരാജ എന്നിവരുടെ ഭരണകാലത്തെ നാണയങ്ങൾ, തിരുവിതാംകൂറിലെ പൊൻപണം, ചെക്കോസ്ലോവാക്യയിലെ 5000 കോടി രൂപയുടെ ഒറ്റനോട്ട്, 1988-ലെ ഒളിമ്പിക്‌സ് വെങ്കലമെഡൽ തുടങ്ങിയവയെല്ലാം റംഷീദിന്റെ ശേഖരത്തിലുണ്ട്.

മൂന്നാംവയസ്സിൽ പിതാവ് മരിച്ചു. തുടർന്ന് മാതാവ് സുബൈദയാണ് റംഷീദിന് ഏക ആശ്രയമായുണ്ടായിരുന്നത്. ഇപ്പോൾ മാതാവും കിടപ്പുരോഗിയാണ്.

മാസം 10,000 രൂപയോളം ചികിത്സയ്ക്ക് ചെലവുണ്ട്. ഈ പുരാവസ്തു പ്രദർശനത്തിലൂടെ ആരോടും കൈനീട്ടാതെ അതിജീവിക്കുകയാണ് റംഷീദ്. നാട്ടുകാരായ സുമനസ്സുകളുടെ സഹായ സഹകരണങ്ങൾ എപ്പോഴും കൂടെയുണ്ട്.