പെരുവള്ളൂർ : കൂമണ്ണ വലിയപറമ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടി അനധികൃതമായി പൂട്ടിയിട്ടനിലയിൽ. അങ്കണവാടിയുടെ പ്രവേശന ഗേറ്റാണ് ചങ്ങല ഉപയോഗിച്ച് പൂട്ടിയത്. ബുധനാഴ്ച രാവിലെ അങ്കണവാടി അധ്യാപിക എത്തിയപ്പോഴാണ് ചൊവ്വാഴ്ച വൈകീട്ട് താൻ പൂട്ടിയതിനുപുറമെ ചങ്ങല ഉപയോഗിച്ച് ആരോ പൂട്ടിയനിലയിൽ കണ്ടത്. തുടർന്ന് അധ്യാപിക പഞ്ചായത്തംഗം ഹംസ ഹാജിയെയും പഞ്ചായത്തിലും വിവരമറിയിച്ചു.

കുട്ടികൾക്ക് നൽകാനുള്ള ഭക്ഷ്യവസ്തുക്കൾ കൊണ്ടുവന്നത് അടുത്തവീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ ഭക്ഷ്യവസ്തുക്കൾ വാങ്ങാനെത്തിയവരും പ്രയാസത്തിലായി. സംഭവം സംബന്ധിച്ച് തേഞ്ഞിപ്പലം പോലീസിൽ പരാതിനൽകി.