നാലുവർഷത്തെ ജോലിക്ക് കൂലി വട്ടപ്പൂജ്യം

എടപ്പാൾ : സംസ്ഥാനത്തെ എയ്‌ഡഡ് വിദ്യാലയങ്ങളിലെ അധികതസ്തികകളിൽ നിയമിതരായ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് നിയമനാംഗീകാരം നൽകാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ 2016 മുതൽ ജോലിയിൽ തുടരുന്ന ഇവർക്ക് ഇതുവരെയുള്ള നാലുവർഷത്തെ ജോലിക്ക് ഒരു രൂപപോലും പ്രതിഫലം നൽകില്ല.

നോഷണലായി (അന്നുമുതലുള്ള നിയമനം അംഗീകരിക്കുകയും ശമ്പളസ്‌കെയിൽ നിശ്ചയിച്ച് ഇൻക്രിമെന്റുകളെല്ലാം നൽകുകയുംചെയ്യുന്ന രീതി) അംഗീകാരം നൽകുമെങ്കിലും ശമ്പളവും ആനുകൂല്യങ്ങളും 2021 ഫെബ്രുവരി ആറുമുതൽ മാത്രം നൽകാമെന്നാണ് സർക്കാരിറക്കിയ സർക്കുലറിൽ പറയുന്നത്. നാലുവർഷത്തെ ജോലിക്ക് പ്രതിഫലം നൽകുകയോ തുക പി.എഫിൽ ലയിപ്പിക്കുക പോലുമോ ചെയ്യാതെയുള്ള നടപടിയാണിത്. 2016-17 മുതൽ 2019-20 വരെ എയ്‌ഡഡ് വിദ്യാലയങ്ങളിലെ അധികതസ്തികകളിൽ നിയമിച്ചവർക്ക് മാനേജർമാരുടെ സത്യപ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് നിയമനാംഗീകാരം നൽകുക.

പുതുതായി തുടങ്ങിയതോ ഉയർത്തപ്പെട്ടതോ ആയ സ്‌കൂളുകളിലെ ആദ്യ ഒഴിവിൽ സംരക്ഷിതാധ്യാപകനെ നിയമിക്കുകയും രണ്ടാമത്തെ ഒഴിവിൽ മാനേജർ നിയമിച്ചവർക്ക് അംഗീകാരം നൽകുകയും ചെയ്യുമെന്നാണ് നിയമം. ഇതിനനുസരിച്ചുള്ള സത്യവാങ്മൂലം നൽകുന്നമുറയ്ക്ക് അത്തരം വിദ്യാലയങ്ങളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകും. നടപടികളെടുക്കാത്തതിനാൽ അംഗീകാരം നിരസിക്കപ്പെട്ടവയിൽ ഫയലുകൾ പുനഃപരിശോധിച്ച് എ.ഇ.ഒമാർ അംഗീകാരം നൽകണമെന്നും നിർദേശമുണ്ട്.